ADVERTISEMENT

ന്യൂഡൽഹി∙ മൂന്നു ദിവസമായി ധാരമുറിയാതെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടിലായിരിക്കുകയാണ് രാജ്യതലസ്ഥാനം. പ്രളയഭീഷണിക്കു മുന്നിൽ ഡൽഹി പകച്ചുനിൽക്കുന്നു. റെക്കോർഡ് ജലനിരപ്പ് രേഖപ്പെടുത്തിയ യമുനാനദിയിൽ സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര വെള്ളമൊഴുകുന്നു. ഡൽഹിയിലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനു കാരണം തേടുകയാണു വിദഗ്ധർ.

അപകടപരിധിയായ 205 മീറ്റർ കവിഞ്ഞും യമുന നിറഞ്ഞൊഴുകുകയാണ്. വ്യാഴാഴ്ച രാവിലെ 8ന് 208.48 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് ഇനിയും ഉയരുമെന്നാണു മുന്നറിയിപ്പ്. 1978ലെ 207.59 എന്ന ജലനിരപ്പ് പരിധിയെയും മറികടന്നും വെള്ളം നിറയുന്നത് ആശങ്കയുണ്ടാക്കുന്നു. നദീതീരത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ പൊതുവേ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും പ്രളയഭീഷണി തുടരുകയാണ്.

യമുനാനദിയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നപ്പോൾ ഓൾഡ് യമുന ബ്രിജിനു സമീപത്തുനിന്നും അവശ്യവസ്തുക്കൾ നീക്കം ചെയ്യുന്നയാൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
യമുനാനദിയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നപ്പോൾ ഓൾഡ് യമുന ബ്രിജിനു സമീപത്തുനിന്നും അവശ്യവസ്തുക്കൾ നീക്കം ചെയ്യുന്നയാൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ഹരിയാനയിലെ ഹത്‌നി കുണ്ഡ് അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിട്ടതും ഡൽഹിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ കനത്ത മഴയുമാണു രാജ്യതലസ്ഥാനത്തെ വെള്ളക്കെട്ടിലാക്കിയത് എന്നാണു പ്രാഥമിക നിഗമനമെന്ന് അധികൃതർ പറയുന്നു. എന്നാൽ മറ്റു കാരണങ്ങളുമുണ്ടെന്നാണു വിദഗ്ധരുടെ അഭിപ്രായം. ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നു ഡൽഹി സർക്കാർ പറയുന്നുണ്ടെങ്കിലും ജനങ്ങൾ ഭയത്തിലും പ്രതിഷേധത്തിലുമാണ്.

‘‘ഹത്‌നി കുണ്ഡ് അണക്കെട്ടിൽനിന്നുള്ള വെള്ളം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ പെട്ടെന്ന് ഡൽഹിയിൽ എത്തിയെന്നതു ശ്രദ്ധയിൽപ്പെട്ടു. അനധികൃത കയ്യേറ്റങ്ങളും ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിർമാണങ്ങളും മറ്റുമാണു വെള്ളക്കെട്ടിനു പ്രധാന കാരണങ്ങൾ. നേരത്തെ വെള്ളത്തിനൊഴുകാൻ കൂടുതൽ സ്ഥലമുണ്ടായിരുന്നു. ഇപ്പോൾ ഒഴുകിപ്പോകാൻ ചെറിയ ഇടങ്ങളേയുള്ളൂ.’’– കേന്ദ്ര ജലകമ്മിഷൻ (സിഡബ്ല്യുസി) മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഡൽഹിയിൽ യമുനാനദി കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയപ്പോൾ വീട്ടുപകരണങ്ങളുമായി ബോട്ടുതുഴഞ്ഞു പോകുന്നയാൾ. യമുനാബാസാറിനു സമീപത്തെ കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹിയിൽ യമുനാനദി കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയപ്പോൾ വീട്ടുപകരണങ്ങളുമായി ബോട്ടുതുഴഞ്ഞു പോകുന്നയാൾ. യമുനാബാസാറിനു സമീപത്തെ കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ഹിമാചൽ പ്രദേശിലുൾപ്പെടെ ഉത്തരേന്ത്യയിൽ പെയ്ത കനത്ത മഴയാണ് അതിവേഗത്തിൽ ഹത്‌നി കുണ്ഡ് അണക്കെട്ട് നിറയാൻ കാരണം. ഹിമാചലിൽ ഉൾപ്പെടെ പേമാരിയിൽ വലിയ തോതിൽ നാശനഷ്ടങ്ങളുമുണ്ടായി. 180 കിലോമീറ്റർ ദൂരെയുള്ള ഹരിയാനയിലെ യമുനാഗർ അണക്കെട്ടിൽനിന്നുള്ള വെള്ളം ഡൽഹിയിൽ എത്താൻ രണ്ടുമൂന്നു ദിവസമെടുക്കും. ചുരുങ്ങിയ സമയത്തിൽ പെയ്ത മഴയുടെ അളവ് വളരെ കൂടുതലായതാണു യമുന നിറഞ്ഞൊഴുകാൻ കാരണമെന്നും അഭിപ്രായമുണ്ട്.

‘‘ഇതേ അളവിലുള്ള വെള്ളം ഏറെക്കാലമെടുത്ത് ഒഴുകിപ്പോകുമ്പോൾ പ്രശ്നമുണ്ടാകാറില്ല. ചെറിയ സമയത്തിനുള്ളിൽ വളരെയേറെ അളവിൽ മഴ പെയ്തതാണ് പ്രളയസമാന അവസ്ഥയുണ്ടാക്കിയത്.’’– ഇന്ത്യൻ നാഷനൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജിലെ നാച്ചുറൽ ഹെറിറ്റേജ് ഡിവിഷൻ പ്രിൻസിപ്പൽ ഡയറക്ടർ മനു ഭട്നാഗർ പറഞ്ഞു.

‘‘വസിറാബാദിൽനിന്നു ഓഖ്‌ല വരെയുള്ള 22 കിലോമീറ്റർ നദീപ്രദേശത്തു ഇരുപതിലേറെ പാലങ്ങളുണ്ട്. ഇവിടങ്ങളിൽ മണ്ണും മണലും മറ്റുമടിഞ്ഞ് തിട്ടകളുണ്ടായത് വെള്ളമൊഴുക്കിനു തടസ്സമാണ്. ഇതും വെള്ളപ്പൊക്കത്തിനു കാരണമായി’’– സൗത്ത് ഏഷ്യ നെറ്റ്‍വർക്ക് ഓൺ ഡാംസ്, റിവേഴ്‍സ്, പീപ്പിൾ അസോഷ്യേറ്റ് കോ–ഓർഡിനേറ്റർ ഭീം സിങ് റാവത്ത് പിടിഐയോടു പറഞ്ഞു.

ഡൽഹി യമുന ഓൾഡ് ബ്രിജിനടിയിലൂടെ നിറഞ്ഞൊഴുകുന്ന നദി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഡൽഹി യമുന ഓൾഡ് ബ്രിജിനടിയിലൂടെ നിറഞ്ഞൊഴുകുന്ന നദി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

മഴക്കെടുതി രൂക്ഷമായതോടെ പഞ്ചാബിൽ 10,000 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി. ഏറ്റവും കൂടുതൽ നാശനഷ്ടം പട്യാല ജില്ലയിലാണ്. ഹരിയാനയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. പാത തടസ്സപ്പെട്ടിരിക്കുന്നതിനാൽ കൽക്ക-ഷിംല റെയിൽപാതയിൽ 16 വരെ ഗതാഗതം നിർത്തിവച്ചു. ഹിമാചൽപ്രദേശിൽ കുളു– മണാലി റോഡ് തുറന്നതോടെ കുടുങ്ങിക്കിടന്ന 2,000 വാഹനങ്ങൾ കടത്തിവിട്ടു. കസോളിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. 873 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 2 ദിവസം കൂടി ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

English Summay: Why Delhi Is Facing An Unprecedented Flood-Like Situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com