ADVERTISEMENT

ന്യൂയോർക്ക് ∙ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ, യുഎസിലെ ഖലിസ്ഥാനി നേതാക്കൾക്ക് വധഭീഷണിയുള്ളതായി എഫ്ബിഐ മുന്നറിയിപ്പ് നൽകിയെന്നു റിപ്പോർട്ട്. സിഖ് സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്ന നിരവധിപ്പേരെ ഇതുമായി ബന്ധപ്പെട്ട് എഫ്ബിഐ ഫോണില്‍ ബന്ധപ്പെടുകയും നേരിൽ കാണുകയും ചെയ്തതായി അമേരിക്കയിലെ സിഖ് ആക്ടിവിസ്റ്റ് പ്രിത്പാൽ സിങ് പ്രതികരിച്ച‌ു. അമേരിക്കൻ മാധ്യമമായ ഇന്റർസെപ്റ്റിൽ റിപ്പോർട്ട് വന്നതോടെ നയതന്ത്രതലത്തിൽ വീണ്ടും ആശങ്കയേറി.

ജൂൺ അവസാനത്തോടെ രണ്ട് എഫ്ബിഐ ഏജന്റുമാർ തന്നെ സന്ദര്‍ശിക്കുകയും വധഭീഷണിയുള്ളതായി അറിയിക്കുകയും ചെയ്തതായി പ്രിത്പാൽ സിങ് പറയുന്നു. ഭീഷണി എവിടെനിന്നാണെന്നോ, ആരിൽനിന്നാണെന്നോ അവർ പറഞ്ഞിരുന്നില്ലെന്നും പ്രിത്പാൽ പ്രതികരിച്ചു. യുഎസ് പൗരനായ പ്രിത്പാൽ സിങ് അമേരിക്കൻ സിഖ് കോക്കസ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ്. സമാന അനുഭവമുണ്ടെന്ന് വേറെയും സിഖ് ആക്ടിവിസ്റ്റുകൾ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വാർത്തയുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ എഫ്ബിഐ ഇതുവരെ തയാറായിട്ടില്ല. 

ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ വിശദീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യ–കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടായത്. ജൂണിലായിരുന്നു നിജ്ജാർ വെടിയേറ്റു കൊല്ലപ്പെട്ടത്. ആരോപണം അസംബന്ധവും തെളിവില്ലാത്തതുമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

English Summary: FBI ‘warned’ US Khalistani leaders of death threats after Nijjar’s killing in Canada: American media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com