ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിനുള്ളിൽ ചർച്ചയായി ഹെലികോപ്റ്റർ കയ്യേറ്റ വിവാദം. മധ്യകേരളത്തിലെ ഒരു യുവ എംഎൽഎ ഹെലികോപ്റ്റർ ജീവനക്കാരനെ കയ്യേറ്റം ചെയ്തെന്ന ആക്ഷേപമാണു പാ‍ർട്ടിക്കുള്ളിൽ ചർച്ചയാവുന്നത്. സർക്കാരിനു വേണ്ടി ഹെലികോപ്റ്റർ സേവനം നൽകാൻ കരാർ നേടിയതിനാൽ, ഹെലികോപ്റ്റർ കമ്പനി ഇക്കാര്യം റിപ്പോർട്ട് ചെയ്തില്ല.

ഓണത്തോടനുബന്ധിച്ച് എംഎൽഎ മണ്ഡലത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയുടെ ഭാഗമായി ഹെലികോപ്റ്റർ യാത്രയും സംഘടിപ്പിച്ചിരുന്നു. കമ്പനിയുടെ കൊച്ചിയിലെ ഓഫിസ് വഴിയെത്തിച്ച ഹെലികോപ്റ്ററാണ് ഉപയോഗിച്ചത്. കോപ്റ്ററിൽ ആദ്യയാത്രയ്ക്ക് എംഎൽഎ കുടുംബസമേതം കയറി. ലാൻഡ് ചെയ്യുന്നതിനിടെ എംഎൽഎയുടെ കുടുംബാംഗം കോപ്റ്ററിന്റെ സുരക്ഷ അപകടത്തിലാക്കുംവിധം പെരുമാറിയെന്നാണ് ആക്ഷേപം. കോപ്റ്റർ ലാൻഡ് ചെയ്തപ്പോൾ ഗ്രൗണ്ട് ഹാൻഡിലിങ് സ്റ്റാഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ എംഎൽഎ ക്ഷുഭിതനാവുകയും കയ്യേറ്റത്തിനു മുതിരുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പൈലറ്റ് മൊബൈൽ ഫോണിൽ പകർത്തി.

എംഎൽഎ പരാതിപ്പെട്ടതിന്റെ പേരിൽ ഈ ദൃശ്യം പിന്നീട് മായ്ച്ചു കളയിച്ചെന്നും, ഗ്രൗണ്ട് ഹാൻഡിലിങ് സ്റ്റാഫിനെ കമ്പനി പിരിച്ചുവിട്ടെന്നുമാണു വിവരം. താൽകാലിക ജീവനക്കാരനായ തൃശൂർ സ്വദേശിക്കാണു ജോലി നഷ്ടമായത്. സംഭവം പാർട്ടിക്കുള്ളിൽ വിവാദമായെങ്കിലും സർക്കാരിനു വേണ്ടി സേവനം നടത്താനുള്ള കരാർ ലഭിച്ചതിനാൽ കമ്പനി ഇക്കാര്യം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. മാധ്യമങ്ങൾ വിവരമറിഞ്ഞ് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണു കമ്പനി അധികൃതർ പ്രതികരിച്ചത്. 

ഹെലികോപ്റ്ററിലെയും വിമാനത്തിലെയുമെല്ലാം സുരക്ഷ അപകടത്തിലാക്കുന്നതു ഗുരുതരമായ കുറ്റകൃത്യമാണ്. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണ് ഏതാനും മാസം മുൻപു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തത്. വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ തള്ളിവീഴ്ത്തിയതിന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ കമ്പനി മൂന്നാഴ്ചത്തേക്കു യാത്രയിൽനിന്നു വിലക്കുകയും ചെയ്തിരുന്നു. സുരക്ഷാ വീഴ്ചയോ, ജീവനക്കാർക്കെതിരെയുള്ള കയ്യേറ്റമോ ഉണ്ടായിട്ടു കമ്പനി റിപ്പോർട്ട് ചെയ്യാതിരിക്കുന്നതു ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ കമ്പനിയുടെ ഭാഗത്തുനിന്നുള്ള കുറ്റമായി കണക്കാക്കുകയും ചെയ്യും. 

പാർട്ടിയിലെ ഈ യുവ എംഎൽഎക്കെതിരെ സ്വന്തം പഴ്സനൽ സ്റ്റാഫിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം നേരത്തേയുണ്ട്. ക്ഷേത്രദർശനം നടത്തിയും വിവാദത്തിൽ പെട്ടിരുന്നു. 

English Summary: CPM MLA manhandled helicopter company employee; controversy raised inside party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com