ADVERTISEMENT

അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്ന് മനോരമ ന്യൂസ് വിഎംആറുമായി ചേർ‌ന്നു നടത്തിയ പ്രീപോൾ സർ‌വേ. മധ്യപ്രദേശിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുന്ന കോൺഗ്രസ് ഛത്തിസ്ഗഡിൽ ഭരണം നിലനിർത്തുമെന്നും സർ‌വേ പറയുന്നു. മിസോറമിലും തെലങ്കാനയിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കുമെന്നും സർവേഫലം. അതേസമയം, രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപി അധികാരത്തിലെത്തുമെന്നു സർവേ പറയുന്നു. മിസോറമിലും തെലങ്കാനയിലും തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് സർവേ മുന്നോട്ടു വയ്ക്കുന്നത്.

∙ മധ്യപ്രദേശ്

ബിജെപിയും കോൺഗ്രസും തമ്മിൽ‌ കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന മധ്യപ്രദേശിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണം പിടിക്കുമെന്നാണ് സർവേ ഫലം . 230 അംഗനിയമസഭയിൽ 120 മുതൽ 130 വരെ സീറ്റുകളാണ് കോൺഗ്രസിനു പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 114 സീറ്റായിരുന്നു കോൺഗ്രസ് നേടിയത്. ബിജെപി ഇത്തവണ  95 മുതൽ 105 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ‌ 109 സീറ്റാണ് ബിജെപിക്കു ലഭിച്ചത്. മറ്റുള്ളവർ ഇത്തവണ മൂന്നു മുതൽ ഏഴു വരെ സീറ്റ് നേടുമെന്നും സർവേ പറയുന്നു.

2018 ലെ തിരഞ്ഞെടുപ്പിലും ജനവിധി കോൺഗ്രസിന് അനുകൂലമായിരുന്നെങ്കിലും നേരിയ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. 22 പേരെ മറുകണ്ടം ചാടിച്ച് ഭരണം പിടിക്കാൻ ബിജെപിയെ സഹായിച്ചതും അതാണ്. ഇത്തവണ കോൺഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നാണ് സർവേ ഫലം.

നവംബർ 17 നാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

ബിജെപി സർക്കാരിന്റെ വീഴ്ചയായി തൊഴിലില്ലായ്മയും വിലക്കയറ്റവുമൊക്കെ കോൺഗ്രസ് പറയുമ്പോൾ, ജനക്ഷേമപദ്ധതികൾ പറഞ്ഞിരുന്ന ബിജെപി ഇപ്പോൾ രാമക്ഷേത്രവും സനാതന ധർമവും പറഞ്ഞു തുടങ്ങിയത് പാർട്ടിയുടെ ആത്മവിശ്വാസമില്ലായ്മ പുറത്തുകൊണ്ടുവരുന്നുണ്ട്. ശക്തമായ സംഘടനാബലവും നേരത്തേ തന്നെയുള്ള ചിട്ടയായ പ്രവർത്തനങ്ങളുംകൊണ്ടു ദൗർബല്യങ്ങളെ മറികടക്കാവുന്നതേയുള്ളൂവെന്നാണ് ബിജെപി കരുതുന്നത്. മാറ്റം വരണമെന്ന അഭിപ്രായം ജനങ്ങൾക്കുണ്ടെന്നാണ് കോൺഗ്രസ് കരുതുന്നത്.

∙ തെ‌ലങ്കാന

തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റമാണ് പ്രീപോൾ സർവേ പ്രവചിക്കുന്നത്. 119 സീറ്റുകളുള്ള തെലങ്കാന നിയമസഭയിൽ 52 മുതൽ 58 വരെ സീറ്റുകൾ പാർട്ടി നേടുമെന്നാണ് സർ‌വേ ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 19 സീറ്റ് എന്ന നിലയിൽനിന്ന് കോൺഗ്രസിനു മുന്നേറ്റമുണ്ടാകുമെന്നും വോട്ടുവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നും സർവേ പറയുന്നു. ഭരണകക്ഷിയായ ബിആർഎസിന് തകർച്ച പ്രവചിക്കുന്ന സർവേ, പാർട്ടി ഇത്തവണ 47 മുതൽ 52 വരെ സീറ്റു മാത്രമാണ് നേടുകയെന്നും പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 88 സീറ്റ് നേടിയാണ് ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് അധികാരം നിലനിർത്തിയത്.

ഇത്തവണ ബിജെപി നില മെച്ചപ്പെടുത്തുമെന്നും 6 മുതൽ 8 വരെ സീറ്റിൽ വിജയിക്കുമെന്നുമാണ് പ്രവചനം. കഴിഞ്ഞ തവണ ഒരു സീറ്റിലാണ് ബിജെപി ജയിച്ചത്. അസദുദീൻ ഉവൈസിയുടെ എഐഎംഐഎം 6 മുതൽ 9 വരെ സീറ്റ് നേടുമെന്നും സർവേ പറയുന്നു. എഐഎംഐഎമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7 സീറ്റ് കിട്ടിയിരുന്നു.

നവംബർ 30 നാണ് തെലങ്കാനയിൽ വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

ചന്ദ്രശേഖർ റാവു സർക്കാരിനെതിരായി ഭരണവിരുദ്ധ വികാരമുണ്ടാകുമെന്നാണ് ബിജെപിയും കോൺഗ്രസും കണക്കുകൂട്ടുന്നത്. കുടുംബഭരണം, അഴിമതി തുടങ്ങിയവയും ബിആർഎസിനെതിരെ ഉയരുന്നു. ഭാരത് ജോഡോ യാത്ര നൽകിയ ഉണർവിൽ, കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാണ് കോൺഗ്രസ് രംഗത്തുള്ളത്. മോദി പ്രഭാവത്തിൽ വിശ്വസിച്ചാണ് ബിജെപിയുടെ പ്രവർത്തനം. ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിലും മറ്റു ചില ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയതിന്റെ ആത്മവിശ്വാസവും പാർട്ടിക്കുണ്ട്.

∙ ഛത്തീസ്ഗഡ്

ഛത്തിസ്ഗഡിൽ കോൺഗ്രസിനു ഭരണത്തുടർച്ച ലഭിക്കുമെന്നാണ് സർവേ ഫലം പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ച 68 സീറ്റ് എന്ന നിലയിൽനിന്ന് ഇത്തവണ 53 മുതൽ 58 വരെ സീറ്റിലേക്കു ജയ സാധ്യത ചുരുങ്ങുമെന്നും സർവേഫലം പറയുന്നു. അതേസമയം ബിജെപി നില മെച്ചപ്പെടുത്തും. ഇത്തവണ 28 മുതൽ 34 വരെ സീറ്റുകളാണ് ബിജെപിക്കു സാധ്യത പറയുന്നത്. 2018 ൽ‌ 15 സീറ്റായിരുന്നു ബിജെപി നേടിയത്. മറ്റുള്ളവർ ഇത്തവണ 7 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. 90 സീറ്റുകളുള്ള ഛത്തിസ്ഗഡ് നിയമസഭയിൽ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.

2018 ൽ കൈവിട്ട ഭരണം തിരിച്ചു പിടിക്കാൻ ബിജെപിയും ഭരണത്തുടർച്ചയ്ക്കായി കോൺഗ്രസും കളത്തിലിറങ്ങിയ ഛത്തിസ്ഗഡിൽ കനത്ത പ്രചാരണയുദ്ധമാണ് ഇരുപാർട്ടികളും നടത്തുന്നത്. ഛത്തീസ്ഗഡിൽ നവംബർ 7, 17 തീയതികളിലായി രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. നവംബർ ഏഴിന് 20 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്.  ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

നടപ്പാക്കിയ കർഷകക്ഷേമ പദ്ധതികളുടെ ബലത്തിൽ അധികാരത്തിൽ തുടരാമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെയും കോൺഗ്രസിന്റെയും പ്രതീക്ഷ. അധികാരത്തിലെത്തിയാൽ കർഷകക്ഷേമം ഉറപ്പാക്കുമെന്നാണ് ബിജെപിയുടെയും പ്രധാന വാഗ്ദാനം.

∙മിസോറം

മിസോറമിൽ ഇത്തവണ ആർക്കും കേവലഭൂരിഭക്ഷമുണ്ടാവില്ലെന്നാണ് സർവേഫലം. കോൺഗ്രസിനു സീറ്റുനിലയിൽ നേരിയ മുൻതൂക്കവും പ്രവചിക്കപ്പെടുന്നു. 12 മുതൽ 16 വരെ സീറ്റുകൾ പാർട്ടി നേടാമെന്നാണ് ഫലം. കഴിഞ്ഞ തവണ നാലു സീറ്റാണ് കോൺഗ്രസിനുണ്ടായിരുന്നത്. എൻഡിഎയുമായി ചേർന്നു ഭരിക്കുന്ന ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് തകർച്ച നേരിടുമെന്നും 11 മുതൽ 15 വരെ സീറ്റുകളാണ് ലഭിക്കുകയെന്നും സർവേഫലം പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 27 സീറ്റു നേടിയാണ് എംഎൻഎഫ് ഭരണത്തിലെത്തിയത്. 2018 ൽ എട്ട് സീറ്റ് നേടിയ സോറം പീപ്പിൾസ് മൂവ്മെന്റ് ഇത്തവണ 10 മുതൽ 14 വരെ സീറ്റ് നേടാമെന്നും സർവേഫലം പറയുന്നു. വോട്ടു വിഹിതത്തിലും വർധനയുണ്ടാകാം.

നവംബർ ഏഴിനാണ് മിസോറമിൽ വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

കോൺഗ്രസും ബിജെപിയും എംഎൻഎഫും സെഡ്പിഎമ്മും അരയും തലയും മുറുക്കി പ്രചാരണരംഗത്തുണ്ട്. മണിപ്പുരിലെ കലാപം തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചേക്കാം. അയൽരാജ്യമായ മ്യൻമറിലെ അഭയാർഥിപ്രശ്നവും നിർണായകമാകാം. മ്യാൻമറിലെ ചിൻ വംശജർക്കും മണിപ്പുരിലെ കുക്കി വിഭാഗക്കാർക്കും അഭയം നൽകാൻ സോറംതാംഗ സർക്കാർ തീരുമാനിച്ചിരുന്നു. മിസോ ദേശീയത മുന്നിൽവച്ചാണ് എംഎൻഎഫ് വോട്ടർമാരെ സമീപിക്കുന്നത്.

മോദി പ്രഭാവത്തിൽ വിശ്വാസമർപ്പിച്ചാണ് ബിജെപി പ്രചാരണരംഗത്തുള്ളതെങ്കിലും നരേന്ദ്ര മോദി ഇത്തവണ മിസോറമിൽ പ്രചാരണത്തിനെത്തിയില്ല. കലാപബാധിതമായ മണിപ്പുർ ഇതുവരെ സന്ദർശിക്കാത്ത പ്രധാനമന്ത്രി മിസോറമിലെത്തിയാൽ അതു തിരിച്ചടിച്ചേക്കുമെന്ന ആശങ്കയിലാണ് മോദി വരവ് ഒഴിവാക്കിയത്. പകരം നിതിൻ ഗഡ്കരിയാണ് മിസോറമിലെത്തിയത്.
ബിജെപിയുടെ ലക്ഷ്യം ഹിന്ദുത്വവൽക്കരണമാണ് എന്ന ആരോപണമുയർത്തിയാണ് കോൺഗ്രസ് പ്രചാരണരംഗത്തുള്ളത്.

∙ രാജസ്ഥാൻ

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപി ഭരണം പിടിക്കുമെന്ന് സർവേ ഫലം പറയുന്നു. 200 അംഗ നിയമസഭയിൽ 110 മുതൽ 118 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് സർവേ പറയുന്നത്. ഭരണകക്ഷിയായ കോൺഗ്രസ് 67 മുതൽ 75 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. 2018 ൽ 100 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 73 സീറ്റ് മാത്രമായിരുന്നു അന്ന് നേടാനായത്. ഇത്തവണ മറ്റുള്ളവർ 10 മുതൽ 21 വരെ സീറ്റു നേടുമെന്നും സർ‌വേ പറയുന്നു. 2018 ൽ 27 സീറ്റാണ് മറ്റുള്ളവർ നേടിയത്.

നവംബർ 25 നാണ് രാജസ്ഥാനിൽ വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

ഭരണം നിലനിർത്താൻ ക്ഷേമപദ്ധതികൾ വാരിക്കോരി നൽകിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഉൾപാർട്ടി പോര് അവസാനിച്ചെന്നും പാർട്ടി ഒറ്റക്കെട്ടായാണു തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പാർട്ടി നേതൃത്വം അവകാശപ്പെടുമ്പോഴും ഉള്ളിൽ പുകയടങ്ങിയിട്ടില്ല. ഭരണവിരുദ്ധ വികാരം ഗെലോട്ട് സർക്കാരിനെ വീഴ്ത്തുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടി വോട്ടു പിടിക്കുന്ന പതിവു ഫോർമുലയ്ക്കൊപ്പം, മുൻ മുഖ്യമന്ത്രി വസുന്ധര രാജെയടക്കം ഒരുപിടി സംസ്ഥാന നേതാക്കളെയും രംഗത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ നിർണായകമായ ജാട്ട് വോട്ടുകൾ പെട്ടിയിൽ വീഴ്ത്താനാണ് രണ്ടു പാർട്ടികളുടെയും ശ്രമം.

English Summary:

Five State Election: Manoramanews Prepoll Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com