ADVERTISEMENT

കൽപറ്റ ∙ പേരിയ ചപ്പാരം കോളനിയിൽ വെടിവയ്പിനിടെ രക്ഷപ്പെട്ട 3 മാവോയിസ്റ്റുകൾ കണ്ണൂർ ജില്ലയിലെ വനമേഖയിലേക്കു കടന്നുവെന്ന നിഗമനത്തിൽ പൊലീസ്. തിരച്ചിൽ ഊർജിതമാക്കിയ അന്വേഷണസംഘം ഇന്നലെ ആറളം, കേളകം, പേരിയ പരിധിയിലെ വനമേഖലയിലും കർണാടക അതിർത്തിയിലും വ്യോമ‍നിരീക്ഷണം നടത്തി. 

കോഴിക്കോട് ജില്ലാ അതിർത്തിയിലും പരിശോധനയുണ്ടായിരുന്നു. ഹെലികോപ്റ്റർ, ഡ്രോൺ പരിശോധനയും തണ്ടർബോൾട്ട് സംഘത്തിന്റെ പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പി പി.എൽ. ഷൈജുവിനാണ് അന്വേഷണ ചുമതല. 

കസ്റ്റഡിയിലുള്ള മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ പുത്തൂർവയൽ സായുധ പൊലീസ് ക്യാംപിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. എൻഐഎ, സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, ഇന്റലിജൻസ് ബ്യൂറോ എന്നിവർക്കൊപ്പം കർണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ നക്സൽ വിരുദ്ധ സേനയിലെ ഉന്നതരും എത്തിയിട്ടുണ്ട്. 

മാവോയിസ്റ്റുകളുമായി വെടിവയ്പ് നടന്ന ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിൽ ബാലിസ്റ്റിക്, ഫൊറൻസിക്, സയന്റിഫിക് ഉദ്യോഗസ്ഥരുടെ പരിശോധന നടത്തി. പ്രദേശത്ത് പൊലീസ് കാവലും നിരീക്ഷണവും തുടരുന്നു. 

കഴിഞ്ഞ ദിവസം പിടിയിലായ മാവോയിസ്റ്റുകളുടെ  'കുറിയർ’ ആയി പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശി തമ്പി എന്ന അനീഷ് ബാബുവിനെ ആറു ദിവസത്തേക്കു കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.  കക്കയം, കൂരാച്ചുണ്ട്, കാറ്റുള്ളമല, കൊയിലാണ്ടി ഭാഗങ്ങളിൽ ഇന്ന് ഇയാളുമായി തെളിവെടുപ്പ് നടത്തും.

English Summary:

Search for Maoists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com