കലാപാഹ്വാനം: ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പരിപാടിയിൽ പ്രസംഗിച്ച കൃഷ്ണകുമാറിനെതിരെ കേസ്
Mail This Article
തിരുവനന്തപുരം∙ ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ക്രിസ്ത്യൻ പൗരാവലി നടത്തിയ പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ച ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനെതിരെ പൊലീസ് കേസ്. നിയമവിരുദ്ധമായി കൂട്ടംകൂടൽ, കലാപാഹ്വാനം, വഴി തടയൽ, അപായം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസ്. ചടങ്ങു സംഘടിപ്പിച്ച സിഇഎഫ്ഐ ഡയോസിസ് പ്രസിഡന്റ് ബിഷപ് ഡോ. മോബിൻ മാത്യു കുന്നമ്പള്ളിക്കെതിരെയും കേസെടുത്തു. ഒക്ടോബര്‍ 15നു വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപമായിരുന്നു പരിപാടി നടന്നത്.
മുൻകൂർ അനുവാദം വാങ്ങിയായിരുന്നു പരിപാടിയെന്ന് കൃഷ്ണകുമാർ പറഞ്ഞു. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പടെ പത്തോളം പൊലീസുകാരുടെ സാന്നിധ്യത്തിൽ നൂറോളം ആളുകൾ സമാധാനപരമായി മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ച ചടങ്ങിനെയാണു മേൽപ്പറഞ്ഞ തരത്തിൽ പൊലീസ് വ്യാഖ്യാനിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഭീകരർ നടത്തിയ കൊടുംക്രൂരമായ അക്രമണത്തെ വിമർശിക്കുന്നത് എങ്ങനെ കലാപാഹ്വാനമാകുമെന്നു കൃഷ്ണകുമാർ ചോദിച്ചു.
‘‘ഇസ്രയേലിനു മരണമെന്നു ആഹ്വാനം നടത്തിയ മുസ്‌ലിം ലീഗ് റാലിയിൽ പങ്കെടുത്ത തരൂരിനെതിരെയും ഈ മാനദണ്ഡം അനുസരിച്ചു കേസെടുക്കേണ്ടതല്ലേ. ഇസ്രയേൽ പ്രധാനമന്ത്രിയെ വിചാരണകൂടാതെ വധിക്കണമെന്നു കോൺഗ്രസ് റാലിയിൽ ആഹ്വാനം നടത്തിയ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പിണറായി സർക്കാർ കേസെടുത്തോ’’– കൃഷ്ണകുമാർ ചോദിച്ചു.