ADVERTISEMENT

ജയ്‌പുർ∙ മൂന്നു പതിറ്റാണ്ടിന്റെ ചരിത്രമെടുത്താൽ ഒരു പാർട്ടിക്കും രാജസ്ഥാൻ ഭരണത്തുടർച്ച അനുവദിച്ചിട്ടില്ല. ആ ചരിത്രം തിരുത്തിക്കുറിക്കാൻ ഇത്തവണ കോൺഗ്രസിനും സാധിച്ചില്ല. അഞ്ച് വർഷത്തെ ഭരണകാലയളവിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾ മുൻ‌നിർത്തി പ്രചാരണം നയിച്ച അശോക് ഗെലോട്ടിനു പക്ഷേ, ജനവിധിയിൽ അടിപതറി. ബിജെപി ശക്തമായി തിരിച്ചവരുന്ന കാഴ്ചയ്ക്കാണ് രാജസ്ഥാൻ സാക്ഷ്യം വഹിച്ചത്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിലായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ കുതിപ്പ്. എക്സിറ്റ് പോളുകളിൽ ആറെണ്ണവും ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചപ്പോൾ രണ്ടെണ്ണം മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്.

ആകെയുള്ള 200 നിയമസഭാ മണ്ഡലങ്ങളിൽ 199 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിനു വേണ്ട 100 സീറ്റുകളും പിന്നിട്ട് ബിജെപി കുതിച്ചതോടെ സംസ്ഥാനത്ത് പാർട്ടി ഇനി ഒറ്റയ്ക്ക് ഭരിക്കാം. ഭാരത് ആദിവാസി പാർട്ടി(ബിഎപി) മൂന്നു സീറ്റിലും ബിഎസ്പി, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി) എന്നിവർ രണ്ടു വീതം സീറ്റുകളിലും മുന്നേറി.

കോൺഗ്രസുമായി ചേർന്ന മത്സരിച്ച രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) മത്സരിച്ച ഒരു സീറ്റിൽ വിജയിച്ചു.. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് ലഭിച്ച സിപിഎം സിറ്റിങ് സീറ്റുകളിൽ പരാജയമറിഞ്ഞു. കോൺഗ്രസ് സ്ഥാനാർഥികളിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ടിക്കാറാം ജൂലി, സച്ചിൻ പൈലറ്റ് എന്നിവർ വിജയിച്ചു. വസുന്ധരെ രാജെ, ദിയാകുമാരി, ബാബ ബാലക്നാഥ് തുടങ്ങിയ ബിജെപി സ്ഥാനാർഥികളും വിജയിച്ചു.

ബിജെപി ഭരണം തിരിച്ചുപിടിച്ചതോടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് രംഗത്തെത്തി. ‘‘മാജിക് അവസാനിച്ചു, രാജസ്ഥാൻ മാന്ത്രികന്റെ മന്ത്രവാദത്തിൽ നിന്ന് പുറത്തുവന്നു. സ്ത്രീകളുടെ അഭിമാനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തത്. കോൺഗ്രസിന്റെ ഉറപ്പുകൾ പാഴായി. അഴിമതിക്കാരായ കോൺഗ്രസിനെ പുറത്താക്കാനാണ് അവർ വോട്ട് ചെയ്തത്.’’– ഷെഖാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വൻ ജനവിധിയോടെ ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എല്ലാവർക്കും അപ്രതീക്ഷിതമാണെന്ന് അശോക് ഗെലോട്ട് പ്രതികരിച്ചു. രാജസ്ഥാനിലെ ജനങ്ങൾ നൽകിയ ജനവിധിയെ താഴ്മയോടെ സ്വീകരിക്കുന്നു. കോൺഗ്രസിന്റെ പദ്ധതികളും നിയമങ്ങളും നൂതനാശയങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ പൂർണമായി വിജയിച്ചില്ലെന്നാണ് ഈ തോൽവി കാണിക്കുന്നതെന്നും ഗെലോട്ട് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

200 നിയമസഭാ മണ്ഡലങ്ങളിൽ 199 മണ്ഡലങ്ങളിലേക്ക് നവംബർ 25നായിരുന്നു വോട്ടെടുപ്പ്. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിങ് കൂനാറിന്റെ മരണത്തെത്തുടർന്ന് ശ്രീഗംഗാനഗറിലെ കരൺപുർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. 74.96% പോളിങ്ങാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ രേഖപ്പെടുത്തിയത്.

English Summary:

2023 Rajasthan Election Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com