ADVERTISEMENT

മുംബൈ ∙ കോൺഗ്രസിൽനിന്നു രാജിവച്ച മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷി‍ൻഡെ നയിക്കുന്ന ശിവസേനാ പക്ഷത്തിന്റെ അംഗത്വമാണു ദേവ്‌റ സ്വീകരിച്ചത്. ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളിയതിനു പിന്നാലെയായിരുന്നു ദേവ്റയുടെ രാജിപ്രഖ്യാപനം.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പുരിൽ തുടങ്ങിയ ദിവസമാണു ദേവ്‌റയുടെ കൂടുമാറ്റമെന്നതു ശ്രദ്ധേയമാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി താൻ അറിഞ്ഞിരുന്നില്ലെന്നു പറഞ്ഞ ഷിൻഡെ, പാർട്ടി അംഗത്വം നൽകി മിലിന്ദ് ദേവ്റയെ സ്വാഗതം ചെയ്തു. 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി ദേവ്റ സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ശക്തമായ സർക്കാർ വേണമെന്നു ശിവസേനയിൽ ചേർന്ന ശേഷം മിലിന്ദ് ദേവ്‌റ പറഞ്ഞു. ‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇന്ന് ശക്തമായ രാജ്യമാണ്. അതിൽ നമുക്കേവർക്കും അഭിമാനമുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ മുംബൈയിൽ ഒരു ഭീകരാക്രമണം പോലും നടന്നില്ല. മുംബൈക്കാരെ സംബന്ധിച്ചു വലിയ നേട്ടമാണിത്.’’– ദേവ്റ പറഞ്ഞു.

മുൻ കേന്ദ്രമന്ത്രിയായ അന്തരിച്ച മുരളി ദേവ്റയുടെ മകനാണു മിലിന്ദ്. 5 പതിറ്റാണ്ടിലേറെയായി കോൺഗ്രസും ദേവ്റ കുടുംബവും കൈവശം വയ്ക്കുന്ന സൗത്ത് മുംബൈ ലോക്സഭാ സീറ്റ് ഇത്തവണ സഖ്യകക്ഷിയായ ശിവസേനയിലെ ഉദ്ധവ് പക്ഷം പിടിച്ചുവാങ്ങാനുള്ള സാധ്യത നിലനിൽക്കെയാണു മിലിന്ദിന്റെ ചുവടുമാറ്റം. ഉദ്ധവ് പക്ഷത്തെ അരവിന്ദ് സാവന്താണു സൗത്ത് മുംബൈ മണ്ഡലത്തിലെ സിറ്റിങ് എംപി. ബിജെപിയും ശിവസേനയും സഖ്യമായി മത്സരിച്ച കഴിഞ്ഞ 2 തവണയും മിലിന്ദിനെ പരാജയപ്പെടുത്തിയത് സാവന്താണ്.

ശിവസേന പിളരുകയും ഷിൻഡെ പക്ഷം ബിജെപിയുമായും ഉദ്ധവ് വിഭാഗം കോൺഗ്രസുമായും കൈകോർക്കുകയും ചെയ്തതോടെ രാഷ്ട്രീയ സമാവാക്യങ്ങൾ മാറി.  മിലിന്ദിനേക്കാൾ വിജയസാധ്യത തൊഴിലാളി യൂണിയൻ നേതാവും വോട്ടർമാരുമായി കൂടുതൽ അടുപ്പം സൂക്ഷിക്കുന്നയാളുമായ അരവിന്ദ് സാവന്തിനാണെന്ന് ഉദ്ധവ് പക്ഷം കരുതുന്നു. സീറ്റിനുമേൽ ഉദ്ധവ് പക്ഷം ആവർത്തിച്ച് അവകാശവാദം ഉന്നയിക്കുന്നതിലും മിലിന്ദ് അസന്തുഷ്ടനായിരുന്നെന്നാണു റിപ്പോർട്ട്.

English Summary:

Milind Deora Quits Congress, Joins Eknath Shinde-Led Shiv Sena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com