ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരുമായി നിലനിൽക്കുന്ന രാഷ്ട്രീയ തർക്കങ്ങൾക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മറ്റൊരു അസാധാരണ നീക്കം. നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗം നടത്തി ഗവർണർ സർക്കാരിനെ അമ്പരപ്പിച്ചു. നിയമസഭയുടെ ടേബിള്‍ സെക്‌ഷൻ മാധ്യമങ്ങൾക്ക് വിതരണം ചെയ്ത 61 പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ ഇംഗ്ലിഷ് കോപ്പി വായിക്കാൻ ഗവർണർ എടുത്തത് ഒന്നര മിനിട്ടിൽ താഴെ. ആദ്യ ഖണ്ഡികയും അവസാന ഖണ്ഡികയും വായിച്ചശേഷം ദേശീയഗാനം ആരംഭിക്കട്ടെ എന്നു ഗവർണർ പറഞ്ഞതോടെ സ്പീക്കർ എ.എൻ.ഷംസീർ ഉൾപ്പെടെയുള്ളവർ അമ്പരന്നു.

മുഖ്യമന്ത്രിയെയും സ്പീക്കറെയും പ്രതിപക്ഷ നേതാവിനെയും അംഗങ്ങളെയും അഭിസംബോധന ചെയ്തശേഷം ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യ ഖണ്ഡിക വായിച്ചു. ‘‘പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് സമാരംഭം കുറിച്ചുകൊണ്ട് കേരളത്തിലെ ജനപ്രതിനിധികളുടെ ഈ മഹനീയ സഭയെ അഭിസംബോധന ചെയ്യുന്നത് ബഹുമതിയായും വിശേഷ അധികാരമായും ഞാൻ കരുതുന്നു’’. അതിനുശേഷം വായിച്ചത് അവസാന ഖണ്ഡിക.

‘‘നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ, സ്മാരകങ്ങളിലോ അല്ലെന്നും, മറിച്ച് ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സാമൂഹികനീതി എന്നീ കാലാതീത മൂല്യങ്ങളോടും ഇന്ത്യൻ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോടു നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയിലുമാണെന്നും നമുക്ക് ഓർക്കാം. ഇക്കാലമത്രയും നമ്മുടെ രാഷ്ട്രത്തെ സംഘടിതവും ശക്തവുമാക്കി നിലനിർത്തിയത് സഹകരണ ഫെഡറലിസത്തിന്റെ അന്തഃസത്തയാണ്. ഈ അന്തഃസത്തയ്ക്ക് ശോഷണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വൈവിധ്യവും വർണാഭവുമായ ഈ രാഷ്ട്രത്തിന്റെ ഭാഗമെന്ന നിലയിൽ നാം ഒത്തൊരുമിച്ച് നമ്മുടെ പന്ഥാവിലുള്ള എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു കൊണ്ട് സമഗ്രമായ വളർച്ചയുടെയും ഉത്തരവാദിത്തമുള്ള പ്രതിരോധശേഷിയുടെയും വർണകമ്പളം നെയ്തെടുക്കും’’.

രണ്ടു ഖണ്ഡിക മാത്രം വായിച്ചാലും നയപ്രഖ്യാപനം മുഴുവൻ ഗവർണര്‍ വായിച്ചതായി കണക്കാക്കും. മുഴുവൻ പ്രസംഗവും വായിക്കാത്തതിനാൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ ഗവർണർക്കു വായിക്കേണ്ടി വന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഞെരുക്കത്തിലാക്കുന്നത് കേന്ദ്ര സർക്കാർ നയമാണെന്നായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഓരോ നിയമസഭാ മണ്ഡലത്തിലും സഞ്ചരിച്ച നവകേരള സദസിനെക്കുറിച്ചും വായിക്കേണ്ടി വന്നില്ല. 

‘‘നവകേരള സദസ് സർക്കാരിലുള്ള അചഞ്ചലമായ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു. ഓരോ വേദിയിലുമുള്ള അസാധാരണമായ ജനപങ്കാളിത്തം കേരള ജനത സർക്കാരിൽ അർപ്പിച്ച വിശ്വാസത്തെ അവർത്തിച്ച് ഉറപ്പിക്കുന്നതായി’’ – എന്നായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്.

സർക്കാരിനോടുള്ള ഗവർണറുടെ അതൃപ്തി മുഖത്ത് പ്രകടമായിരുന്നു. 8.55 ഓടെ നിയമസഭാ സമുച്ചയത്തിന്റെ മുൻവശത്തെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും സ്വീകരിച്ചു. ഔപചാരിക സംഭാഷണമോ പുഞ്ചിരിയോ പരസ്പരം ഉണ്ടായില്ല.

English Summary:

Governor Arif Mohammad Khan concludes policy address in Assembly in less than 2 mins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com