ADVERTISEMENT

കോഴിക്കോട് ∙ ഗോവ ഗവർണറുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്കു സ്വകാര്യ കാർ കയറി, വൻ സുരക്ഷാ വീഴ്ച. കാർ ഓടിച്ചു തടസ്സം സൃഷ്ടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിഴ മാത്രം അടപ്പിച്ചു വിട്ടയച്ചു. ഞായറാഴ്ച രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോൾ മാവൂർ റോഡിലാണ് സംഭവം. ജില്ലയിലെ സിപിഎം നേതാവിന്റെ മകൻ ജൂലിയസ് നികിതാസാണ് വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ച് കയറിയത്.

മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംക്‌ഷനിലാണ് സംഭവം. ഗവർണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാർ കയറിയത്. ഉടനെ പൊലീസ് സുരക്ഷാ വാഹനം നിർത്തി പൊലീസുകാർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയർത്തു. കാർ പിറകോട്ട് എടുക്കാൻ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു. 

ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനോടു ആവശ്യപ്പെട്ടു. തുടർന്നു കാർ പിറകിലേക്കു മാറ്റിയാണ് ഗവർണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നു പോയത്.

യുവാവിനെ കസ്റ്റഡിയിലെടുത്തു കസബ സ്റ്റേഷനിൽ എത്തിച്ചു. നടക്കാവ് പൊലീസ് എത്തി ചോദ്യം ചെയ്തു. അപ്പോഴാണു യുവാവിന്റെ സിപിഎം ബന്ധം പൊലീസ് അറിയുന്നത്. ഒടുവിൽ യുവാവിനെതിരെ ട്രാഫിക് നിയമലംഘനത്തിനു 1,000 രൂപ പിഴ അടപ്പിച്ച് വിട്ടയച്ചു. പൊലീസ് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു ഡപ്യൂട്ടി കമ്മിഷണർ അനുജ് പലിവാൾ പറഞ്ഞു. സുരക്ഷാ വാഹന വ്യൂഹത്തിനിടെ സുരക്ഷ മറികടന്നു സ്വകാര്യ കാർ കയറിയ സംഭവം അന്വേഷിക്കുമെന്നു ഗോവ രാജ്ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary:

Massive security breach for Goa Governor P.S.Sreedharan Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com