കാട്ടാന ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി; ശരത് അവസാനമായി നടന്നത് ജനുവരി 28ന്
Mail This Article
പുൽപ്പള്ളി∙ പാക്കത്ത് കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ വീടിന്റെ അടുത്തായി വന്യമൃഗ ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഒരു കൗമാരക്കാരനുണ്ട്. പതിനാറാം വയസ്സിൽ കിടപ്പിലായ ശരത്. ജനുവരി 28നാണ് പത്താം ക്ലാസുകാരനായ ശരത് അവസാനമായി നടന്നത്. രാത്രി എട്ടു മണിയോടെ നടന്നു ചെന്നത് കാട്ടാനയുടെ മുന്നിലേക്കായിരുന്നു. തുമ്പിക്കൈയിൽ ചുറ്റി ആന ശരത്തിനെ അടുത്ത തോട്ടത്തിലേക്ക് എറിഞ്ഞു. ആ വീഴ്ചയ്ക്കുശേഷം ശരത് പിന്നെ എഴുന്നേറ്റില്ല.
കൂട്ടുകാർക്കൊപ്പം കടയിൽ പോയി വരുമ്പോഴാണ് വീടിനടുത്തുള്ള വഴിയിൽവച്ച് ആന ശരത്തിനെ എടുത്തെറിഞ്ഞത്. കൂടെയുണ്ടായിരുന്നവർക്ക് ഓടി രക്ഷപ്പെടാൻ സാധിച്ചു. എന്നാൽ ശരത്തിനെ ആന തുമ്പിക്കൈ കൊണ്ട് അരയിൽ ചുറ്റിപ്പിടിച്ച് എറിയുകയായിരുന്നു. റബർ തോട്ടത്തിൽനിന്നാണ് ശരത്തിനെ കോരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്.
മാനന്തവാടി മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലുമായി ഒരു മാസത്തെ ചികിത്സ. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് വീട്ടിലേക്ക് കൊണ്ടുപൊയ്‌ക്കൊള്ളാൻ പറഞ്ഞു. ഇടുപ്പെല്ല് പൊട്ടിയ ശരത്തിന് ഇനി നടക്കാൻ സാധിക്കുമോ എന്ന കാര്യം സംശയമാണെന്ന് അറിയിച്ചാണ് ആശുപത്രിക്കാർ പറഞ്ഞയച്ചത്.
പരസഹായമില്ലാതെ കട്ടിലിൽ ഒന്ന് ചാരിയിക്കാൻ പോലും സാധിക്കാതെ കിടക്കുകയാണ് ശരത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി 10,000 രൂപ നൽകി. പിന്നീട് ആ വഴിക്ക് ആരും തിരിഞ്ഞുപോലും നോക്കിയില്ല. മലമൂത്ര വിസർജനത്തിന് ഡയപ്പർ ഇട്ടിരിക്കുകയാണ്.
കൂലിപ്പണിക്കാരാണ് കാരേരി ആദിവാസി കോളനിയിലെ ശരത്തിന്റെ അമ്മയും അച്ഛൻ വിജയനും. ശരത്തിന്റെ പരിചരണത്തിന് ഒരാൾ മുഴുവൻ സമയവും വേണ്ടി വരുന്നതിനാൽ ഇപ്പോൾ ഒരാൾക്കെ പണിക്ക് പോകാൻ സാധിക്കുന്നുള്ളു. മരുന്നുൾപ്പെടെ ഭീമമായ ചെലവാണ് വന്നത്. സഹായിക്കാൻ ആരും എത്തിയില്ല. കൂട്ടുക്കാർക്കൊപ്പം ഓടിച്ചാടി നടന്നിരുന്ന ശരത്തിന് ഇനി നടക്കാൻ സാധിക്കില്ലെന്ന് അച്ഛൻ പറയുമ്പോൾ ആ കൗമാരക്കാരൻ കട്ടിലിൽ തലചെരിച്ചു കിടക്കുകയായിരുന്നു.