ADVERTISEMENT

കോഴിക്കോട്∙ സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥന്റെ കൊലപാതകത്തിൽ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. സത്യനാഥൻ തന്നെ മനഃപൂർവം അവഗണിച്ചതായി പ്രതി അഭിലാഷ് (32) മൊഴി നൽകി. പാർട്ടി പ്രവർത്തനത്തിൽനിന്നു തന്നെ മാറ്റിനിർത്തിയെന്നും പ്രതി ആരോപിച്ചു. അഭിലാഷിനെ പാർട്ടിയിലേക്കു കൊണ്ടുവന്നതു സത്യനാഥനാണ്. പിന്നീട് ഇരുവരും തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അഭിലാഷിനെ പാർട്ടിയിൽനിന്നു മാറ്റിനിർത്തിയത്. ഇപ്രകാരം മാറ്റിനിർത്തിയതു വലിയ വിഷമമുണ്ടാക്കിയെന്നാണ് അഭിലാഷ് പൊലീസിനു നൽകിയ മൊഴിയിലുള്ളത്.

Read more at: ‘അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞത്, നിങ്ങളാണെങ്കിലും അതുതന്നെ പറയും’: വിശദീകരിച്ച് വി.ഡി.സതീശൻ

ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. അതേസമയം, സത്യനാഥന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഉയർന്നുവന്ന വ്യക്തിവൈരാഗ്യമാണെന്നാണു റിമാൻഡ് റിപ്പോർട്ട്. തന്നെ ഒതുക്കിയതും പാർട്ടിയിൽനിന്നു പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന് അഭിലാഷ് വിശ്വസിച്ചു. നേതാക്കൾക്കു സംരക്ഷകനായിനിന്ന തനിക്കു മറ്റു പാർട്ടിക്കാരിൽനിന്നു മർദ്ദനമേറ്റപ്പോൾ സത്യനാഥൻ കുറ്റപ്പെടുത്തി. അവഗണന സഹിക്കാൻ പറ്റാതായതോടെയാണു കൊലപ്പെടുത്തിയത്.

ക്ഷേത്രത്തിൽ സത്യനാഥൻ ഇരിക്കുന്നതു കണ്ടു. മദ്യപിച്ച് കത്തിയുമായി പിന്നിലൂടെ വന്നു വായ പൊത്തിപ്പിച്ച് കഴുത്തിന്റെ ഇരുവശത്തും കുത്തിയിറക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശ്യത്തോടു കൂടി തന്നെയാണു കൃത്യം നടത്തിയത്. കഴകപുരയുടെ പിന്നിലൂടെ നടന്നു ക്ഷേത്രത്തിന്റെ പിൻവശത്തെ മതിൽ ചാടി റോഡിലിറങ്ങി. ഇതേസമയം, കത്തി അടുത്ത പറമ്പിലേക്കു വലിച്ചെറിഞ്ഞു. സ്റ്റീൽ ടെക് റോഡ് വഴി കൊയിലാണ്ടിയിലേക്കു വേഗത്തിൽ എത്താവുന്ന മാർഗത്തിലൂടെ നടന്നു. റെയിൽവേ സ്റ്റേഷൻ കടന്ന് രാത്രി 11 മണിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി. വരുന്ന വഴിയിൽ 4 പേർ തന്നെ കണ്ടതായി അഭിലാഷ് പൊലീസിനോടു പറഞ്ഞു.

കോവിഡിനുശേഷം ഒന്നര വർഷം ഗൾഫിലായിരുന്നു. അവിടുന്നു വരുമ്പോൾ വാങ്ങിച്ച കത്തിയാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്നും അഭിലാഷ് മൊഴി നൽകി. എന്തിനാണു കൊലപാതകം നടത്താൻ ക്ഷേത്രം തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന്, പെട്ടെന്ന് അങ്ങനെ തോന്നി, ചെയ്തു എന്നായിരുന്നു മറുപടി. തന്റെ വീടിന്റെ മുന്നിലൂടെ നിരന്തരം പോകുന്ന സത്യനാഥനെ നേരത്തെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. കൊയിലാണ്ടി കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഉടൻ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

വ്യാഴം രാത്രി പത്തിന് പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെയാണ് സത്യനാഥൻ (66) കൊല്ലപ്പെട്ടത്. സംഭവം നടന്ന് അൽപസമയത്തിനകം അഭിലാഷ് കൊയിലാണ്ടി സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണു മരണകാരണമെന്നാണു പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോ‍ർട്ട്.

English Summary:

Kozhikode Murder Suspect Cites Neglect by Late CPM Local Secretary PV Sathyanadhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com