ADVERTISEMENT

തിരുവന്തപുരം∙ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ (20)  മരണത്തിൽ പ്രത്യേക അന്വേഷണസംഘം  രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

Read Also: ‘മെൻസ് ഹോസ്റ്റൽ എസ്എഫ്ഐയുടെ വിചാരണക്കോടതി; ക്രൂരത അധികൃതരുടെ അറിവോടെ’

വയനാട് എസ്പിയാണ് സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. കൽപറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഒരു ഡിവൈഎസ്പി കൂടി പ്രത്യേകസംഘത്തിൽ ഉൾപ്പെടും

അതേസമയം കേസിന്റെ അന്വേഷണ പുരോഗതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഡിജിപി അറിയിച്ചു.  പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ഗവർണറെ ഡിജിപി അറിയിച്ചു. സിദ്ധാർഥന്റെ കുടുംബം നൽകിയ പരാതി ഗവർണർ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിനെ തുടർന്നാണു ഡിജിപി ഗവർണറെ വിശദാംശങ്ങള്‍ അറിയിച്ചത്. 

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതി അഖിലിനെ പാലക്കാട് നിന്നു പൊലീസ് പിടികൂടിയിരുന്നു. കൂടാതെ  വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽനിന്ന് 8 പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ഇവരിൽ 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കം 11 പേർ ഒളിവിലാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒളിവിൽപോയ പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികളായ 4 എസ്എഫ്ഐക്കാരെ സംഘടനയിൽനിന്നു പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ അറിയിച്ചു.

സിദ്ധാർഥൻ നേരിട്ടത് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളുമായിരുന്നെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ഈമാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി നേരിട്ടതായി ഇൗ വിദ്യാർഥി പറയുന്നു. കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നെന്നും വിദ്യാർഥി വിശദീകരിച്ചു.

English Summary:

Special investigation team will probe veterinary student s death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com