ADVERTISEMENT

തൃശൂർ ∙ റോഡരികിൽ ഉറങ്ങിക്കിടന്നയാളുടെ മേൽ കാർ കയറി മരിച്ചതിനെത്തുടർന്ന് മൃതദേഹം ഡിക്കിയിലിട്ട് ആളൊഴിഞ്ഞ പാടത്ത് തള്ളിയ കേസിൽ വഴിത്തിരിവായതു പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളും. ഇക്കണ്ടവാരിയർ റോഡിനു സമീപം പൂനം നിവാസിൽ വിശാൽ ഹർഗോവിന്ദ് സോണി (40), ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാർ എന്നിവരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയെന്നു സംശയിക്കുന്ന വി.രവിയാണ് (66) മരിച്ചത്.

കൊല്ലപ്പെട്ട രവി തെരുവിൽ അലഞ്ഞു നടക്കുകയും വഴിയോരത്ത് അന്തിയുറങ്ങുകയും ചെയ്യുന്നയാളാണ്. വയറിൽ മുറിവു കണ്ടെത്തിയതിനാൽ രവി കുത്തേറ്റു മരിച്ചു എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാൽ, വാഹനം കയറിയിറങ്ങിയതാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത് നിർണായകമായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി സ്വർണവ്യാപാരി വിശാൽ ഹർഗോവിന്ദ് സോണിയെ തിരിച്ചറിഞ്ഞത്.

പുറത്തുപോയി ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് സോണിയും കുടുംബവും സഞ്ചരിച്ച കാർ വീടിനു സമീപത്തുവച്ചു രവിയുടെ ദേഹത്തു കയറിയിറങ്ങിയത്. വിശാൽ, കാറിന്റെ ഡിക്കിയിൽ കയറ്റി ആളൊഴിഞ്ഞ പാടത്ത് ഉപേക്ഷിച്ച മൃതദേഹം പിറ്റേന്നു രാവിലെ നടക്കാനിറങ്ങിയവരാണു കണ്ടെത്തിയത്. ‌മനഃപൂർവമുള്ള നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു വിശാലിനെതിരെ ചുമത്തിയത്. റിമാൻഡ് ചെയ്തു.

കൊല്ലങ്കോട് വിനായക തെരുവിൽ ജ്യോതി നിവാസിലെ വേലായുധന്റെ മകനാണു രവിയെന്ന് പൊലീസ് പറയുന്നു. എന്നാൽ, അവിടെ ഇങ്ങനെയൊരാൾ താമസിക്കുന്നില്ലെന്നു സമീപവാസികൾ പറഞ്ഞു.

അതേസമയം, മരണത്തിന്റെ ഉത്തരവാദിത്തം ഏൽക്കേണ്ടിവരുമോയെന്ന ഭയത്ത‍ാലാണ് മൃതദേഹം പാടത്ത് ഉപേക്ഷിച്ചതെന്നു വിശാൽ പൊലീസിനോടു സമ്മതിച്ചു. ഗുജറാത്ത് സ്വദേശിയായ വിശാലും കുടുംബവും പതിറ്റാണ്ടുകളായി തൃശൂരിലാണു താമസം. ഇവരുടെ ഗേറ്റിന്റെ സമീപത്ത് ഇരുട്ടിൽ കിടന്നുറങ്ങുകയായിരുന്ന രവിയുടെ മേൽ കാർ കയറുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

23ന് രാത്രി ഒൻപതോടെയായിരുന്നു സംഭവം. പുറത്തുപോയി ഭക്ഷണം കഴിച്ച ശേഷം കാറിൽ മടങ്ങുകയായിരുന്നു വിശാലും കുടുംബവും. രവി ഗേറ്റിനു സമീപത്തു റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതിനിടെ വാഹനം രവിയുടെ ദേഹത്തുകൂടി കയറുകയായിരുന്നു.

English Summary:

Car Runs Over Sleeping Man, Family Arrested for Cover-Up in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com