ADVERTISEMENT

കോഴിക്കോട്∙ റിയാസ് മൗലവി കേസിൽ സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘വിധി വളരെ ഞെട്ടലുണ്ടാക്കി. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും സ്വീകരിക്കും. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുക്കുകയും 96 മണിക്കൂർ തികയും മുൻപ് 3 പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഇവർ 7 വർഷം വിചാരണ തടവുകാരായി കിടന്നു. അത് പൊലീസിന്റെ ശക്തമായ ഇടപെടൽ കൊണ്ടാണ്. ജാമ്യാപേക്ഷയെ എതിർത്തു. മൗലവിയുടെ ഭാര്യയുടെ ആവശ്യപ്രകാരം ക്രിമിനൽ വക്കീലിനെ നിയമിച്ചു. മതസ്പർധ വളർത്താനുള്ള വകുപ്പ് ചേർക്കാൻ സർക്കാർ അനുമതി നൽകി. കേസന്വേഷണതിൽ സുതാര്യത പുലർത്തി. ഒരു ഘട്ടത്തിലും പരാതി ഉണ്ടായിരുന്നില്ല’’– മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പറഞ്ഞതിന്റെ പൂർണരൂപം: 

2017 മാർച്ച് 20ന് അർധരാത്രിയാണ് ചൂരി പഴയ ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്തുവച്ച് കുടക്‌ സ്വദേശിയും കാസർകോട്‌ പഴയചൂരി പള്ളിയിലെ മദ്രസ അധ്യാപകനുമായിരുന്ന റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ബേക്കൽ കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ ആണ് ആദ്യം കേസന്വേഷണം നടത്തിയത്.
കാസർകോട് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു. അന്നുതന്നെ കേസന്വേഷണം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഏൽപ്പിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ഡോ.ശ്രീനിവാസൻ ഐപിഎസിന്റെ നേതൃത്വത്തിലുളള സംഘമാണ് പിന്നീട് കേസന്വേഷണം നടത്തിയത്.

സംഭവം നടന്ന് 96 മണിക്കൂറുകൾ തികയും മുൻപുതന്നെ 23–03–2017ന് മൂന്നു പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അന്നു മുതൽ ഏഴു വർഷവും ഏഴു ദിവസവും അവർ വിചാരണത്തടവുകാരായി ജയിലിൽ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിനു വേണ്ടി ശ്രമിച്ചെങ്കിലും സർക്കാരിന്റെ കർക്കശമായ നിലപാടു മൂലം ജാമ്യം ലഭിച്ചതേ ഇല്ല. 85ാം ദിവസം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞു.

കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരം കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനും മികച്ച ക്രിമിനൽ അഭിഭാഷകരിൽ ഒരാളുമായ അഡ്വ.അശോകനെ 2017 ജൂൺ 14ന് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു. മതസ്പർധ വളർത്തുന്ന തരത്തിലുളള കുറ്റകൃത്യമാണ് നടന്നതെന്ന് സർക്കാരിനു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2017 ജൂൺ 15ന് ഐപിസി 153 എ കുറ്റപത്രത്തിൽ ചേർക്കാനുള്ള സർക്കാർ അനുമതി പത്രം നൽകി.

97 സാക്ഷികളെയും 375 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ‌ ഹാജരാക്കി. 87 സാഹചര്യതെളിവുകളും 124 മേൽക്കോടതി ഉത്തരവുകളും സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി. 2019 ൽ വിചാരണ നടപടികൾ തുടങ്ങി. 2023 മേയ് ഒന്നിന് സ്പെഷൽ പ്രോസിക്യൂട്ടർ അശോകൻ നിർഭാഗ്യവശാൻ മരണപ്പെട്ടു. വീണ്ടും ഭാര്യ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ, സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.അശോകന്റെ സഹപ്രവർത്തകൻ കൂടിയായ കോഴിക്കോട്ടെ അഡ്വ .ടി.ഷാജിത്തിനെ സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു.

കേസന്വേഷണത്തിലും വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലർത്തിയത്. അതിൽ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടില്ല. അവരുടെ ആത്മർഥതയേയും അർപ്പണബോധത്തെയും കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ട്. വിധി വന്നതിന് ശേഷവും സർക്കാർ ഈ കേസിൽ പുലർത്തിയ ജാഗ്രതയും ആത്മാർഥതയും അർപ്പണബോധവും ആ കുടുംബം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് എന്നത് കാണാതിരിക്കാനാവില്ല. കേസ് അന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുമുള്ള അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ല.
എന്നാൽ ഇത്രയധികം തെളിവുകളും ശാസ്ത്രീയ പരിശോധഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷന്റെ കണ്ടെത്തലുകൾ ശരിവച്ചില്ല. ഇത് സമൂഹത്തിൽ വല്ലാത്ത ഞെട്ടലുളവാക്കിയിട്ടുണ്ട്. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മതവിദ്വേഷത്തിന്റെ ഭാഗമായി മനുഷ്യരെ കൊല്ലുന്ന രീതി എന്തു വിലകൊടുത്തും അവസാനിപ്പിക്കുക തന്നെ വേണം. ഇവിടെ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ ഇടപെടലും നടപടികളും ഉണ്ടായിട്ടുണ്ട്.

എന്തുകൊണ്ട് യുഎപിഎ ചുമത്തിയില്ല?

ഐപിസി 153 എ പ്രകാരമുള്ള കുറ്റം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുക വഴി കലാപമുണ്ടാക്കാൻ ശ്രമം നടത്തുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന വകുപ്പാണത്. അറിസ്‌റ്റിലായ ശേഷം പ്രതികൾ ജാമ്യം ലഭിക്കാതെ ഏഴു വർഷവും ഏഴു ദിവസവും കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. യുഎപിഎ ചുമത്താനുള്ള അപേക്ഷ ഹൈക്കോടതി തന്നെ വിചാരണക്കോടതിയുടെ തീർപ്പിന് വിട്ടതാണ്. യുഎപിഎ നിയമത്തെ അനുകൂലിക്കുന്നവരിൽ നിന്നാണോ ഇപ്പോഴത്തെ വിമർശനം എന്നത് പരിശോധിക്കേണ്ടതാണ്.

English Summary:

CM Pinarayi Vijayan about Riyas Moulavi murder case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com