ADVERTISEMENT

ആലപ്പുഴ∙ സിപിഎമ്മുകാരനായ പ്രസിഡന്റിനെതിരെ രാമങ്കരി പഞ്ചായത്തിൽ സിപിഎം അംഗങ്ങൾത്തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായി. 4 സിപിഎം അംഗങ്ങളും 4 കോൺഗ്രസ് അംഗങ്ങളും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. പ്രസിഡന്റ് രാജേന്ദ്രകുമാറും മറ്റു 4 സിപിഎം അംഗങ്ങളും എതിർത്തു വോട്ട് ചെയ്തു. അവിശ്വാസം പാസായതോടെ പ്രസിഡന്റ് രാജേന്ദ്രകുമാർ പഞ്ചായത്ത് അംഗത്വം രാജിവച്ചു.

അതേസമയം അവിശ്വാസം കൊണ്ടുവന്നതു പാർട്ടി അറിഞ്ഞല്ലെന്നും നോട്ടിസ് നൽകിയ അംഗങ്ങൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.സലിം കുമാർ പറഞ്ഞു. അവിശ്വാസത്തിൽ വോട്ട് ചെയ്യുന്നതു സംബന്ധിച്ച വിപ്പ് നൽകിയത് ആരെന്നതിനെപ്പറ്റി പ്രാദേശിക നേതാക്കൾ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. 

സിപിഎമ്മുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി രാജേന്ദ്ര കുമാർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം, കൊടിക്കുന്നിൽ സുരേഷിനു വോട്ട് മറിച്ചെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. കുട്ടനാട്ടിലെ സിപിഎം വിഭാഗീയതയുടെ ഭാഗമായി, ഏറെനാളായി രാജേന്ദ്ര കുമാർ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. ഒട്ടേറെ പ്രവർത്തകർ ഇവിടെ പാർട്ടി വിട്ടു സിപിഐയിൽ ചേരുകയും ചെയ്തിട്ടുണ്ട്.

രാജേന്ദ്ര കുമാറും സിപിഐ അനുകൂല നിലപാടിലായിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനമുള്ളതിനാൽ സിപിഎം അംഗത്വം ഉപേക്ഷിച്ചിരുന്നില്ല. രാജേന്ദ്ര കുമാറിനു കുറേക്കാലമായി ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും സിപിഎമ്മുമായി ബന്ധമില്ലെന്നും സലിം കുമാർ ആരോപിച്ചു. പാർട്ടി ലെവി നൽകുന്നില്ല. രാജേന്ദ്ര കുമാർ ജയിച്ച 13ാം വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

22 വോട്ടിനാണു രാജേന്ദ്ര കുമാർ കഴിഞ്ഞ തവണ ജയിച്ചത്. പാർട്ടി ശക്തികേന്ദ്രമായ ഇവിടെ 250 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം കിട്ടേണ്ടതാണെന്നും പാർട്ടിയിലെ വിഭാഗീയത കാരണമാണു ഭൂരിപക്ഷം കുറഞ്ഞതെന്നുമാണു രാജേന്ദ്രകുമാർ പറയുന്നത്.

English Summary:

no confidence motion in Ramankary Panchayat passed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com