ADVERTISEMENT

കൊച്ചി ∙ അവയവക്കടത്ത് മാഫിയയുടെ പ്രവർത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നും അവിടെയുള്ളയാളാണു പ്രധാന കണ്ണിയെന്നും കേസിൽ അറസ്റ്റിലായ സാബിത്ത് നാസർ അന്വേഷണസംഘത്തിന് മൊഴി നൽകി. ഹൈദരാബാദിലെ വ്യക്തിയാണ് അവയവമാഫിയയുമായി ബന്ധിപ്പിച്ചത്. കടത്ത് സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇയാളാണ്. ‌2019ല്‍ സ്വന്തം വൃക്ക വിറ്റതോടെ ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞു. ഇതിനുപിന്നാലെയാണ് ഇരകളെ തേടി തുടങ്ങിയതെന്നും സാബിത്ത് മൊഴി നൽകിയെന്നാണു വിവരം.

മൊഴിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് പലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. പാലക്കാട് സ്വദേശി ഷെമീര്‍ എന്നയാളെയാണ് സാബിത്ത് വൃക്ക നല്‍കാനായി കേരളത്തില്‍നിന്ന് ഇറാനില്‍ എത്തിച്ചത് എന്നാണ് വിവരം. ഷെമീറിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇയാളെ കണ്ടെത്തി പരാതിയില്‍ തുടര്‍നടപടികള്‍ എടുക്കാനാണ് തീരുമാനം. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്ന് സബിത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.

അവയവക്കടത്തിനായി സബിത്ത് കടത്തിയത് എന്നു കരുതുന്ന ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരാണ്. ഇവര്‍ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളാണോ അതോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്തതാണോയെന്ന് വ്യക്തമല്ല. സാബിത്ത് നാസറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ അന്വേഷണ സംഘം ഇന്ന് പൂർത്തിയാക്കും. തുടർന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് 2019 മുതൽ അവയവക്കടത്തിന് ഇറാനിലേക്കു സാബിത്ത് നാസര്‍ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നു. ശ്രീലങ്കയിലും കുവൈത്തിലും ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണു സാബിത്ത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സ്വാധീനിച്ച്  വ്യാജ പാസ്പോർട്ടും ആധാർ കാർഡും ഉൾപ്പെടെ സംഘടിപ്പിച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജന്‍റുമാർ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുൾ പാക്കേജായി 60 ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നൽകുന്നവര്‍ക്ക് ടിക്കറ്റ്, താമസം, ചികിത്സാ ചെലവ്, പ്രതിഫലമായി പരമാവധി 6 ലക്ഷം രൂപ എന്നിങ്ങനെ നൽകും. വൻതുക ആശുപത്രിയിൽ ചെലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവൻ ഏജന്‍റിന്‍റെ പോക്കറ്റിലാക്കുകയായിരുന്നു പതിവ്.

English Summary:

Sabit Nassar Sheds Light on Hyderabad's Organ Trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com