ADVERTISEMENT

ഹൈദരാബാദ് ∙ വിവിധ സംസ്ഥാനങ്ങളിൽ വേരുകളുള്ള, കുട്ടികളെ കടത്തുന്ന സംഘത്തിലുള്ളവർ ഹൈദരാബാദിൽ അറസ്റ്റിലായി. 13 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. 4 ആൺകുട്ടികളും 9 പെൺകുട്ടികളും സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിക്ക് രണ്ടു മാസമാണ് പ്രായം. 8 സ്ത്രീകളടക്കം 11 പേരെ രാച്ചകൊണ്ട പൊലീസ് അറസ്റ്റു ചെയ്തു. 

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ശോഭാ റാണി എന്ന വനിത അറസ്റ്റിലായതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. ഇവർ 4.50 ലക്ഷം രൂപയ്ക്ക് ഒരു കുട്ടിയെ വിൽപന നടത്തിയിരുന്നു. ഡൽഹി, പുണെ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കുട്ടികളെ എത്തിച്ചിരുന്നത്.

‘‘കുട്ടികൾ പാവപ്പെട്ട വീടുകളിലുള്ളവരാണ്. 1.8 ലക്ഷം മുതൽ 5.5 ലക്ഷം രൂപയ്ക്കു വരെയാണ് കുട്ടികളെ വിൽപന നടത്തിയിരുന്നത്. രണ്ടു മാസം മുതൽ രണ്ടു വയസുവരെ പ്രായമുള്ളവർ കുട്ടികളുടെ കൂട്ടത്തിലുണ്ട്’ – പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെല്ലാം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ഉള്ളവരാണ്. ഡൽഹിയിലും പുണെയിലുമുള്ള 3 പേരാണ് കുട്ടികളെ സംഘത്തിനു നൽകിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. നിയമപ്രശ്നങ്ങൾ കാരണം ദത്തെടുക്കലിനു കാത്തിരിക്കാൻ മനസില്ലാത്ത ദമ്പതികൾക്കാണ് കുട്ടികളെ നൽകിയിരുന്നത്. കുട്ടികളെ ശിശുക്ഷേമ വകുപ്പിന് കൈമാറി.

‘‘ആരോഗ്യപ്രവർത്തകയായ ശോഭാ റാണിയിൽനിന്നാണ് ഞങ്ങൾ കുട്ടിയെ വാങ്ങിയത്. 4 ലക്ഷം രൂപ നൽകി. കുട്ടിയുടെ മാതാപിതാക്കൾ പാവപ്പെട്ടവരാണെന്നാണ് ശോഭാ റാണി പറഞ്ഞത്. കുട്ടി ഒരു വർഷമായി ഞങ്ങളോടൊപ്പമുണ്ട്. യഥാർഥ മാതാപിതാക്കളെ കണ്ടെത്തിയാൽ കുട്ടിയെ നൽകാൻ തയാറാണ്. രക്ഷിതാക്കൾ വന്നില്ലെങ്കിൽ നിയമപരമായി കുട്ടിയെ ദത്തെടുക്കാൻ തയാറാണ്.’’ – സഹോദരിക്കായി കുട്ടിയെ ദത്തെടുത്ത ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.

English Summary:

Massive Child Trafficking Ring Busted in Hyderabad: 13 Children Rescued, 11 Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com