ADVERTISEMENT

തിരുവനന്തപുരം∙ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും കാണിച്ചു തന്ന വഴികള്‍ മോദിക്കും സംഘപരിവാറിനും സ്വപ്നത്തില്‍ പോലും കാണാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെക്കൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിന്റെ മൂല്യങ്ങളും.ഗാന്ധിയെ ഓര്‍ക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരമെന്നും സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

റിച്ചാഡ് ആറ്റന്‍ബറോയുടെ 'ഗാന്ധി' സിനിമ ഇറങ്ങുന്നതുവരെ ലോകത്തിന് മഹാത്മാഗാന്ധിയെ അറിയില്ലായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഹാത്മാ ഗാന്ധിക്ക് വേണ്ടത്ര സ്വീകാര്യതയുണ്ടാക്കാന്‍ ശ്രമിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. 

പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്
ഗാന്ധിയും നെഹ്‌റുവും കാണിച്ച് തന്ന വഴികളുണ്ട്. ആ വഴികള്‍ മോദിക്കും സംഘപരിവാറിനും സ്വപ്നത്തില്‍ പോലും കാണാനാകില്ല. സത്യഗ്രഹം, സഹനം, അഹിംസ, നിസ്സഹകരണം, സിവില്‍ നിയമലംഘനം അങ്ങനെയുള്ള  ഗാന്ധിയന്‍ ആശയസംഹിതകളുടെ പ്രയോഗം പരിവാര്‍ സംഘടനകള്‍ക്ക് മനസിലാകില്ല. പക്ഷേ ലോകത്തിന് പണ്ടേ മനസിലായി. വഴിവിളക്കും ഊര്‍ജ്ജവും തിരുത്തലും സത്യവുമായി ഗാന്ധിജി ഇന്നും ലോകത്തിന് മുന്നില്‍ പ്രസക്തനായി നില്‍ക്കുന്നു.

ഗാന്ധിയെ നിരാകരിക്കുന്നവര്‍ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവരാണ്. ഗാന്ധിയുടെ രാമനും സീതയും ഗീതാവാക്യവും സത്യാന്വേഷണങ്ങളും എല്ലാം ഇന്ത്യയായിരുന്നു. കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെ കൂട്ടി കുടിയിരുത്താവുന്ന ഒന്നല്ല ഗാന്ധിയും അദ്ദേഹത്തിന്റെ മൂല്യങ്ങളും. ഗാന്ധിയെ ഓര്‍ക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം.

മതഭ്രാന്ത് കത്തി പടര്‍ന്ന നവ്ഖാലിയില്‍ ഗാന്ധിജി ഉയര്‍ത്തിയ ആശയങ്ങള്‍ മോദി ഓര്‍ക്കുന്നുണ്ടാകില്ല. രാജ്യവും ലോകവും ഓര്‍ക്കുന്നുണ്ട്. അങ്ങനെയാണ് മരണവും കടന്ന് ഗാന്ധിജി തലമുറകളിലൂടെ ജീവിക്കുന്നത്.

English Summary:

Modi and the Sangh Parivar Can't Grasp Gandhi and Nehru's Legacy: VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com