ADVERTISEMENT

കൊച്ചി∙ പൊലീസ് സേനയെ മെച്ചപ്പെടുത്താൻ കോടതി നിർദേശിക്കുന്ന കാര്യങ്ങള്‍ എന്തെങ്കിലും നടപ്പാക്കുന്നുണ്ടോ എന്നു സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. കേരളത്തിലെ പൊലീസ് സേനയെ പരിഷ്കൃതരും പ്രഫഷനലുമാക്കുന്നതിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ഹാജരായി വ്യക്തമാക്കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ നിർദേശിച്ചു.

കഴിഞ്ഞ ദിവസം സീബ്ര ലൈനില്‍ വിദ്യാർഥിനിയെ ബസ് ഇടിച്ചു തെറിപ്പിച്ച കാര്യവും കോടതി പരാമർശിച്ചു. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പൊലീസ് സേനയ്ക്കെതിെര നിശിത വിമർശനം ആവർത്തിച്ചത്. ഈ മാസം 26ന് കേസ് വീണ്ടും പരിഗണിക്കുമ്പോഴാണ് ഡിജിപി ഓൺലൈൻ വഴി ഹാജരാകേണ്ടത്.

‘‘കോടതിയെ സംബന്ധിച്ചിടത്തോളം പൊലീസ് സേന പരിഷ്കൃതരും പ്രഫഷനൽ ആയിരിക്കണം എന്നതു മാത്രമേയുള്ളൂ. നമ്മുടെ പൊലീസ് സംവിധാനം മികവുറ്റതാണ്, എന്നാൽ അതിലെ ദുഷ്പ്രവണതകളെ അങ്ങനെ തന്നെ കാണണം. നേരത്തെ സംസ്ഥാന പൊലീസ് മേധാവിയോട് ഇക്കാര്യങ്ങൾ പരിഹരിക്കാൻ പറഞ്ഞതാണ്. തുടർന്ന് സർക്കുലർ ഇറക്കി. എന്നിട്ടും ഓരോന്നായി പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രകോപനം ഉണ്ടായതുകൊണ്ടാണ് പൊലീസ് മോശമായി പെരുമാറുന്നതെന്ന് ന്യായീകരിക്കുകയും ചെയ്യുന്നു. സാധാരണ പൗരന്മാരുടെമേൽ അധികാര പ്രയോഗം നടത്തുന്നതിനുള്ള കാരണമായി പറയുന്നതാണിത്. എന്തു പ്രകോപനമുണ്ടായാലും പൊലീസ് മോശമായി പെരുമാറാൻ പാടില്ല. ഭരണഘടനാ മൂല്യങ്ങൾ പാലിച്ചുകൊണ്ട് പ്രഫഷനലായി പെരുമാറണം.’’– കോടതി വ്യക്തമാക്കി.

കോടതി ഇക്കാര്യങ്ങൾ നിരന്തരം പറയുന്നുണ്ടെങ്കിലും അക്കാര്യങ്ങൾ നടപ്പാക്കുന്നുണ്ടോ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. സീബ്ര ക്രോസിങ്ങിലെ കാര്യങ്ങൾ മോണിറ്റർ ചെയ്യാൻ എന്താണ് സംവിധാനമുള്ളതെന്ന് ആരാഞ്ഞ കോടതി ഒന്നര കൊല്ലം മുൻപ് ഇക്കാര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടിയതാണെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം സീബ്ര ക്രോസിങ്ങിൽ ഒരു പെൺകുട്ടിയെ ബസ്സിടിച്ചു വീഴ്ത്തിയ കാര്യം സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘‘മോശമായി പെരുമാറുന്ന പൊലീസുകാർക്കെതിരെ എന്തു നടപടിയാണ് എടുക്കുന്നത് എന്നത് വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെടുന്നത്. ആര്‍ക്കെങ്കിലും എതിരെയോ അനുകൂലമായോ നടപടി എടുക്കണമെന്ന് കോടതി പറയില്ല. എന്നാൽ കാര്യങ്ങളിൽ തീരുമാനമുണ്ടാകണം. ഓരോ പൗരനെയും തുല്യരായി കണക്കാക്കുന്ന ഭരണഘടനയാണ് ഉള്ളത്, അവിടെ അടിച്ചമർത്തുന്ന കൊളോണിയൽ മനോഭാവം പാടില്ല.’’– ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

പൊലീസ് കർക്കശക്കാരും ശക്തരുമായിരിക്കുമ്പോഴും മര്യാദയുണ്ടാവണം. അവർ സംരക്ഷകരാണെന്ന് ഓർമയുണ്ടാവണം. പൊലീസ് സ്റ്റേഷനുകൾ ഒരു സർക്കാർ ഓഫിസാണ്. ഒരു ആവശ്യം വന്നാൽ പൊലീസിന്റെ അടുത്തേക്കോ പൊലീസ് സ്റ്റേഷനിലോ പോകാമെന്ന് ഓരോരുത്തർക്കും തോന്നണം, പൊലീസ് ആ രീതിയിൽ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Kerala High Court Slams Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com