ADVERTISEMENT

ഒഡീഷയുടെ പതിനഞ്ചാം മുഖ്യമന്ത്രി, സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രി. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മോഹൻ ചരൺ മാജി ഒഡീഷ ബിജെപിയുടെ ഗോത്ര മുഖമാണ്. മുപ്പതുവർഷം മുൻപ് ഗ്രാമമുഖ്യനായി ആരംഭിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം സംസ്ഥാന മുഖ്യനെന്ന പദവിയിലെത്തി നിൽക്കുന്നു. മികച്ച സംഘടനാപാടവമുള്ള, വിവാദങ്ങളിൽ പെടാത്ത ‘ക്ലീൻ ഇമേജുള്ള’ നേതാവാണ് മാജിയെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും.

ഗോത്ര വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള കേന്ദുജർ ജില്ലയിലെ റായ്കാല ഗ്രാമത്തിലാണ് മാജിയുടെ ജനനം. പിതാവ് സുരക്ഷാ ജീവനക്കാരനായിരുന്നു. 1993ൽ സിഎസ് കോളജിൽനിന്ന് ബിഎ കരസ്ഥമാക്കിയ മാജി 2011ൽ എൽഎൽബി പൂർത്തിയാക്കി. ആർഎസ്എസ് നടത്തിയിരുന്ന സരസ്വതി ശിശു വിദ്യാമന്ദിറിലെ അധ്യാപകനായാണ് മാജിയുടെ തൊഴിൽ ജീവിതം ആരംഭിക്കുന്നത്, പിന്നീട് ആർഎസ്എസിന്റെ സജീവ പ്രവർത്തകനായി. അവിടെനിന്ന് ബിജെപിയിലേക്ക്. പാർട്ടിയുടെ ആദിവാസി മോർച്ച സെക്രട്ടറിയായി.

മോഹൻ ചരൺ മാജി
മോഹൻ ചരൺ മാജി

1997–2000 കാലത്ത് ഗ്രാമമുഖ്യനായി തിരഞ്ഞെടുക്കപ്പെട്ടതോടെ മാജിയുടെ രാഷ്ട്രീയ ജീവിതം മറ്റൊരു ഘട്ടത്തിലേക്കു കടന്നു. 2000, 2004, 2019, 2024 തിരഞ്ഞെടുപ്പുകളിൽ നാലുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ പ്രതിപക്ഷത്തെ നയിച്ച മാജി ബിജെഡി സർക്കാരിനെതിരെ ശക്തമായി നിലകൊണ്ടു. പലതവണ സർക്കാരിനെ പ്രതിരോധത്തിലാക്കി. സ്പീക്കറുടെ പോഡിയത്തിലേക്ക് വേവിക്കാത്ത ദാൽ വലിച്ചെറിഞ്ഞതിന് സസ്പെൻഷനും കിട്ടി. എന്നാൽ ദാൽ വലിച്ചെറിഞ്ഞെന്ന ആരോപണം അദ്ദേഹം നിഷേധിച്ചിരുന്നു. പയറുവർഗങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട 700 കോടി രൂപയുടെ അഴിമതി നടന്നെന്ന ആരോപണത്തുടർന്നായിരുന്നു പ്രതിഷേധം.

ഇത്തവണ 147 സീറ്റുകളിൽ 78 എണ്ണത്തിലും വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ചർച്ചകൾക്കൊടുവിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങാണ് ഒഡീഷ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. കെ.വി.സിങ്‌‌ദേവ്, പ്രവതി പരിന്ദ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. ബിജെപി നിയമസഭാകക്ഷി യോഗം ഏകകണ്ഠമായാണു മാജിയെ തിരഞ്ഞെടുത്തതെന്നു കേന്ദ്ര നിരീക്ഷകരായി എത്തിയ രാജ്നാഥ് സിങ്ങും ഭൂപേന്ദർ യാദവും പറഞ്ഞു. കഴിഞ്ഞ നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ് ആയിരുന്നു മാജി. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

എല്ലാം ഭഗവാൻ ജഗന്നാഥന്റെ അനുഗ്രഹമെന്നു പറഞ്ഞാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെന്ന വാർത്തയോട് മാജി പ്രതികരിച്ചത്. ‘‘ബിജെപിയെ വോട്ടുചെയ്ത് അധികാരത്തിലെത്തിച്ച, മാറ്റത്തിന് വേണ്ടി വോട്ടുചെയ്ത 4.5 കോടി ഒഡീഷക്കാർക്ക് നന്ദി’’ –ഒഡീഷ ജനതയുടെ വിശ്വാസം കാക്കുമെന്ന് പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പദവിയിലേക്ക് മാജിയെത്തുന്നത്.

English Summary:

Who is Mohan Charan Majhi, BJP's first Odisha CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com