ലോകത്തെ 4-ാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ; ഹോങ്കോങ് വീണ്ടും പിന്നിൽ
Mail This Article
മുംബൈ ∙ ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം ഹോങ്കോങ്ങിനെ പിന്തള്ളി വീണ്ടും സ്വന്തമാക്കി ഇന്ത്യ. 5.18 ട്രില്യൻ (ലക്ഷം കോടി) ഡോളര്‍ വിപണിമൂല്യവുമായാണ് (മാര്‍ക്കറ്റ് ക്യാപ്പ്) ഇന്ത്യയുടെ ബിഎസ്ഇ, 5.17 ട്രില്യൻ ഡോളര്‍ മൂല്യമുള്ള ഹോങ്കോങ് ഓഹരി വിപണിയായ ഹാങ് സെങ്ങിനെ പിന്നിലാക്കിയത്.
56.49 ട്രില്യൻ ഡോളര്‍ മൂല്യമുള്ള യുഎസ് ആണ് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണി. ചൈന (8.84 ട്രില്യൻ ഡോളര്‍), ജപ്പാന്‍ (6.30 ട്രില്യൻ ഡോളര്‍) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്.
കഴിഞ്ഞ ജനുവരിയിലും ഹോങ്കോങ്ങിനെ ബിഎസ്ഇ പിന്തള്ളിയിരുന്നെങ്കിലും ഏപ്രിലോടെ 12 ശതമാനം ഉയര്‍ന്ന് ഹോങ്കോങ് നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു. ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ രക്ഷാപാക്കേജ് പ്രഖ്യാപിച്ചതാണ് ഹോങ്കോങ്ങിനു നേട്ടമായത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യന്‍ ഓഹരികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചതോടെ ബിഎസ്ഇ വീണ്ടും നാലാംസ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം ഇതുവരെ 39 ലക്ഷം കോടി രൂപയോളം വര്‍ധിച്ചിട്ടുണ്ട്. ഇന്ന് വ്യാപാരാന്ത്യത്തിലെ കണക്കുപ്രകാരം 434.70 ലക്ഷം കോടി രൂപയാണ് (5.20 ട്രില്യൻ ഡോളര്‍) മൂല്യം.