ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമസേനയുടെ രക്ഷാദൗത്യങ്ങളിലെയും സേനാ നടപടികളിലെയും മുന്നണിപ്പോരാളിയായ സി 130ജെ ട്രാൻസ്പോർട്ട് വിമാനം ഇന്ന് നടത്തിയത് ‘കണ്ണീർദൗത്യം’. കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേന നിയോഗിച്ചത് ഈ വിമാനത്തെയാണ്. വ്യാഴാഴ്ച രാത്രി യുപിയിലെ ഹിൻഡൻ വ്യോമതാവളത്തിൽനിന്നു പുറപ്പെട്ട വിമാനം മൃതദേഹങ്ങളുമായി ഇന്നു രാവിലെ പത്തരയോടെ കൊച്ചി വിമാനത്താവളത്തിൽ പറന്നിറങ്ങി. 

‘സി 130ജെ സൂപ്പർ ഹെർക്കുലിസ്’ എന്നാണു വിമാനത്തിന്റെ മുഴുവൻ പേര്. യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ച വിമാനത്തിന്റെ പ്രാഥമിക ദൗത്യം ചരക്കു നീക്കമാണെങ്കിലും സമീപകാലത്ത് ഇന്ത്യൻ വ്യോമസേന നടത്തിയ ദൗത്യങ്ങളിലെല്ലാം അതു ഭാഗമായിട്ടുണ്ട്. ആഭ്യന്തര കലാപം രൂക്ഷമായ സുഡാൻ (ഒാപ്പറേഷൻ കാവേരി – 2023) അടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതു മുതൽ കോവിഡ് കാലത്ത് രാജ്യത്തെ ആശുപത്രികളിലേക്ക് മെഡിക്കൽ ഒാക്സിജൻ എത്തിക്കുന്നതു വരെയുള്ള ദൗത്യങ്ങളിൽ വിമാനം പങ്കാളിയായി. മെഡിക്കൽ ഒാക്സിജൻ ഉൽപാദിപ്പിക്കുന്നതിനാവശ്യമായ യന്ത്രങ്ങളും വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിച്ചു. കിഴക്കൻ ലഡാക്കിലെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായപ്പോൾ ഇന്ത്യൻ സേനാംഗങ്ങളുമായി സി 130ജെ അതിവേഗം അവിടെ പറന്നിറങ്ങി. 

സി17 ഗ്ലോബ്മാസ്റ്റർ. PTI Photo
സി17 ഗ്ലോബ്മാസ്റ്റർ. PTI Photo

12 സി 130ജെ വിമാനങ്ങളാണു വ്യോമസേനയുടെ പക്കലുള്ളത്. ഏകദേശം 20,000 കിലോ ഭാരം വഹിക്കും. ലോക്ക്ഹീഡ് മാർട്ടിന്റെ കണക്കുപ്രകാരം ഇന്ത്യയടക്കം 22 രാജ്യങ്ങൾ സി 130ജെ ഉപയോഗിക്കുന്നുണ്ട്. സി 130ജെയ്ക്കു പുറമെ രക്ഷാ, സേനാ ദൗത്യങ്ങളിൽ വ്യോമസേന പതിവായി ഉപയോഗിക്കുന്ന മറ്റൊരു ട്രാൻസ്പോർട്ട് വിമാനം കൂടിയുണ്ട് – യുഎസിലെ ബോയിങ് നിർമിത സി17 ഗ്ലോബ്മാസ്റ്റർ. സി 130ജെ ഹെർക്കുലിസിനേക്കാൾ മൂന്നിരട്ടിയിലധികം ഭാരം വഹിച്ചു പറക്കാവുന്ന വിമാനമാണിത്. യുദ്ധമൂലം യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നിയോഗിക്കപ്പെട്ട സേനാവിമാനം സി17 ഗ്ലോബ്മാസ്റ്ററായിരുന്നു. 

English Summary:

C-130J Hercules: The Power in Indian Air Force’s Rescue Missions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com