ADVERTISEMENT

കൊച്ചി ∙ പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവകാശവാദത്തെ പൂർണമായി തള്ളാതെയും രാസവസ്തുക്കൾ ഒഴുക്കിയതിൽ വ്യവസായശാലകളുടെ പങ്ക് സൂചിപ്പിച്ചും കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാലയുടെ (കുഫോസ്) റിപ്പോർട്ട്. സംസ്ഥാന സർക്കാരിനു കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഹൈഡ്രജൻ സൾഫൈഡ്, അമോണിയ, വെള്ളത്തിലെ ഓക്സിജന്റെ അളവിലുണ്ടായ കുറവ് എന്നിവ ഒന്നിച്ചു വന്നതോടെയാണ് വലിയ തോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങാൻ ഇടയായത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യം ശുചീകരിക്കുന്നതിനും അവ പുറത്തു വിടുന്നതിനും ദേശീയ ഹരിത ട്രിബ്യൂണൽ നിശ്ചയിച്ചുള്ള മാനദണ്ഡങ്ങൾ നടപ്പാക്കുകയും താഴ്ന്ന പ്രദേശമായ ഏലൂർ–എടയാർ മേഖലയിൽ വെള്ളം കയറുന്നത് തടയാൻ കനത്ത ഭിത്തി നിർമിക്കുകയും വേണമെന്ന ശുപാർശയും കുഫോസ് റിപ്പോർട്ടിലുണ്ട്. പാതാളം ബണ്ടിന്റെ മുകൾ ഭാഗത്തും താഴെ ഭാഗത്തും വെള്ളത്തിന്റെ ഗുണനിലവാരം അതത് സമയം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഇതിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവണം ഷട്ടർ തുറക്കേണ്ടതെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

കോതാട്, മൂലമ്പിള്ളി, വരാപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം, മത്സ്യം, അവശിഷ്ടങ്ങൾ തുടങ്ങിയവയുടെ പരിശോധനയിൽ നിന്നാണ് കണ്ടെത്തലെന്ന് കുഫോസ് പറയുന്നു. വെള്ളത്തിന്റെ ഓക്സിജന്റെ അളവ് കുറഞ്ഞതുമൂലമാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലടക്കം വ്യക്തമാക്കിയിട്ടുള്ളത്. ഇതിനു കാരണം പാതാളം ബണ്ടിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ ചീഞ്ഞതു മൂലമാണെന്നും പറഞ്ഞിരുന്നു.

വലിയ തോതിൽ ഇത്തരത്തിൽ മാലിന്യം ചീഞ്ഞതോടെ ഓക്സിജന്റെ അളവ് കുറയുകയും ഇത്തരമൊരു സാഹചര്യം ഹൈഡ്രജൻ സൾഫൈഡും അമോണിയയുടെയും അളവ് വർധിപ്പിക്കുകയും ചെയ്യുമെന്ന് കുഫോസ് റിപ്പോർട്ട് പറയുന്നു. ഈ രണ്ടു രാസവസ്തുക്കളും മീനുകൾക്ക് താങ്ങാൻ കഴിയുന്നവയല്ല. ഇതിനൊപ്പം സൾഫറും സൾഫേറ്റും വെള്ളത്തിൽ കലർന്നതു വഴി ഹൈഡ്രജൻ സൾഫൈഡിന്റെ ഉത്പാദനം സംഭവിച്ച് ദുരന്തത്തിന് ആക്കം കൂട്ടുകയും ചെയ്തിരിക്കാം. ഹൈഡ്രജൻ സൾഫൈഡ് നേരിട്ട് വെള്ളത്തിലേക്ക് ഒഴുക്കുന്ന വ്യവസായശാലകൾ പോലുമുണ്ടെന്നും കുഫോസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.  

പെരിയാറിലെ വെള്ളത്തിലുള്ള കീടനാശിനിയുടെയും മറ്റ് വിഷവസ്തുക്കളുടെയും അളവ് അനുവദനീയമായതിലും കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. ഘനലോഹങ്ങളായ കാഡ്മിയം, ലെഡ്, ആർസനിക്, ക്രോമിയം, നിക്കൽ, കോപ്പർ, കൊബാൾട്ട്, മാംഗനീസ്, യുറേനിയം തുടങ്ങിയവയുടെ സാന്നിധ്യം മത്സ്യങ്ങളിലുണ്ടായിരുന്നു. മത്സ്യങ്ങളിൽ ആർസനിക്, ലെഡ്, കാഡ്മിയം എന്നിവയുടടെ സാന്നിധ്യം അസാധാരണമാണ് എന്നും റിപ്പോർട്ട് പറയുന്നു. ഹൈഡ്രജൻ സൾഫൈഡിന്റെ വലിയ തോതിലുള്ള സാന്നിധ്യം വ്യവസായശാലകളിൽനിന്ന് രാസവസ്തുക്കൾ ഒഴുക്കിയതിന്റെ കൂടി ഫലമാണെന്നാണ് കുഫോസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

പെരിയാറിലെ മലിനീകരണം നിയന്ത്രിക്കുന്നതിനും മറ്റുമായി നിർദേശങ്ങളും കുഫോസ് മുന്നോട്ടു വച്ചിട്ടുണ്ട്. പെരിയാർ മാലിന്യമുക്തമാക്കുന്നതിനുള്ള ഒരു പ്രത്യേക പദ്ധതി നടപ്പാക്കുകയും സര്‍ക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ സഹായത്തോടെ ബോധവത്ക്കരണ പരിപാടികൾ നടപ്പാക്കുകയും വേണം. മത്സ്യകൃഷിക്ക് ലൈസൻസ് അനുവദിക്കുന്നതിനു മുൻപ് ആ സ്ഥലത്തെ വെള്ളത്തിന്റെയും മറ്റും ഗുണനിലവാരം പരിശോധിക്കണം. കാർഷിക മേഖലയിൽ കീടനാശിനി, വളം തുടങ്ങിയവയുടെ ഉപയോഗത്തിന് കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരണം.

പെരിയാറിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ, അനുബന്ധ ജോലികൾ ചെയ്യുന്നവർ, മത്സ്യകർഷകർ തുടങ്ങിയവർക്കും സമാനദുരന്തം നേരിട്ട മറ്റുള്ള സ്ഥലങ്ങളിലുള്ളവർക്കും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. പെരിയാറിലെ മത്സ്യം, മത്സ്യബന്ധനം, കൂടുമത്സ്യം പോലുള്ള അക്വാകൾച്ചർ പ്രവർത്തനങ്ങൾ തുടങ്ങിയവ ആഴത്തിൽ പഠിക്കുന്നതിനായി കുഫോസിനെ ചുമതലപ്പെടുത്തണം. ബണ്ട് തുറക്കുന്നതിന് മുൻപു താഴെ ഭാഗത്തുള്ളവരെ ഇക്കാര്യം അറിയിക്കുന്നതിനായി നിർമിതബുദ്ധി അടിസ്ഥാനപ്പെടുത്തിയ ഡിസ്പ്ലേ, മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം. ബണ്ടിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും മറ്റുമായി വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന ഏകോപന സമിതി രൂപീകരിക്കണം തുടങ്ങിയവയാണ് ചില നിർദേങ്ങൾ.

English Summary:

Kufos report on mass fish kill in periyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com