ADVERTISEMENT

തിരുവനന്തപുരം∙ തങ്ങളുടെ എംഎല്‍എയായിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ച് എംപിയായതോടെ ചേലക്കരയ്ക്കു നഷ്ടമാകുന്നത് മന്ത്രിമണ്ഡലം എന്ന പദവി. രാധാകൃഷ്ണന്‍ വിജയിച്ചതിനു പിന്നാലെ മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഈ ആശങ്ക പങ്കുവച്ചിരുന്നു. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആളെ മന്ത്രിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ രാധാകൃഷ്ണനു പകരം മാനന്തവാടി എംഎല്‍എ ഒ.ആര്‍.കേളുവിന് നറുക്ക് വീണതോടെ ആ പ്രതീക്ഷയ്ക്കു മങ്ങലേറ്റു. 

പട്ടികവിഭാഗത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവിനെ മന്ത്രിയാക്കിയ ശേഷം ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതു സംബന്ധിച്ചും ഒരു ഘട്ടത്തില്‍ ചര്‍ച്ചയുണ്ടായിരുന്നു. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയില്‍ 1996 മുതല്‍ കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ കാലത്ത് ഒഴികെ കെ.രാധാകൃഷ്ണന്‍ ആയിരുന്നു എംഎല്‍എ. ഇപ്പോള്‍ പട്ടികജാതി- പട്ടിക വര്‍ഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയ യു.ആര്‍.പ്രദീപ് ആയിരുന്നു 2016-21ല്‍ എംഎല്‍എ. 2021ല്‍ സിറ്റിങ് എംഎല്‍എയെ മാറ്റി വീണ്ടും കെ.രാധാകൃഷ്ണനെ പാര്‍ട്ടി മത്സരിപ്പിച്ചു. അദ്ദേഹത്തെ മന്ത്രിസഭയില്‍ അംഗമാക്കുന്നതിനായിരുന്നു ഈ മാറ്റമെന്നായിരുന്നു വിശദീകരണം. 

കെ.രാധാകൃഷ്ണന്‍ എംപി സ്ഥാനാര്‍ഥിയായപ്പോള്‍ത്തന്നെ അദ്ദേഹം ജയിച്ചാല്‍ പ്രദീപ് ആയിരിക്കും അടുത്ത സ്ഥാനാര്‍ഥി എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. 1987-96 കാലഘട്ടത്തില്‍ ചേലക്കര യുഡിഎഫിനൊപ്പമായിരുന്നു. മന്ത്രിമണ്ഡലം എന്ന പദവി നഷ്ടത്തോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ സ്ഥാനാര്‍ഥിയായിരുന്ന രമ്യ ഹരിദാസ് തന്നെ നിയമസഭയിലേക്കു മത്സരിച്ചേക്കുമെന്നു സൂചനയുണ്ട്. 

പി.കെ.ബിജു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കര നിയോജക മണ്ഡലത്തില്‍ 23,695 വോട്ടിന്റെ ലീഡ് രമ്യ ഹരിദാസിനായിരുന്നു. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് ലീഡ്. 5173 വോട്ട്. ചേലക്കര മുന്‍ എംഎല്‍എ കെ.കെ.ബാലകൃഷ്ണന്റെ മകനും കെപിസിസി സെക്രട്ടറിയുമായ കെ.ബി.ശശികുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാസന്‍ തുടങ്ങിയവരുടെ പേരും ഉയരുന്നുണ്ട്.

English Summary:

Chelakkara Byelection: U.R.Pradeep may become LDF candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com