ADVERTISEMENT

ന്യൂഡൽഹി∙എയർടെൽ ഉപഭോക്താക്കളായ ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഹാക്കർ രംഗത്ത്. സെൻസൻ (xenZen)എന്നു പേരുള്ള ഹാക്കറാണ് 37.5 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർത്തിയെന്ന് അവകാശപ്പെട്ടത്. ഡാർക്ക് വെബിൽ ഇതു സംബന്ധിച്ച വിവരങ്ങൾ വിൽപനയ്ക്കു വച്ചിട്ടുണ്ടെന്നുമാണ് അവകാശ വാദം.

എന്നാൽ ഇത്തരത്തിലുള്ള ഒരു സംഭവവും നടന്നിട്ടില്ലെന്നാണ് എയർടെൽ പ്രതിനിധിക‌ൾ പറയുന്നത്. ജൂണിൽ നടന്നുവെന്നു പറയപ്പെടുന്ന ഒരു തരത്തിലുള്ള വിവരം ചോർത്തലും തങ്ങളുടെ സംവിധാനത്തിൽ സംഭവിച്ചിട്ടില്ലെന്നും എയർടെൽ ഉറപ്പു പറയുന്നു. തങ്ങളുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ആരോപണങ്ങളെന്നും എയർടെൽ അധികൃതർ വിശദീകരിച്ചു. ഡാർക്ക് വെബിൽ നടക്കുന്ന അനധികൃത ഇടപാടുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന ഡാർക്ക് വെബ് ഇൻഫോർമർ എന്ന എക്സ് പേജിലാണ് ആദ്യം ഇതിനെക്കുറിച്ചുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടത്.

37.5 കോടി പേരുടെ വിവരങ്ങൾ അൻപതിനായിരം യു എസ് ഡോളറിനാണ് (ഏകദേശം 41 ലക്ഷം രൂപ) വിൽപനയ്ക്കു വച്ചതെന്നും ഡാർക്ക് വെബ് ഇൻഫോർമർ കണ്ടെത്തി. ഇത്രയും തുകയ്ക്കു തുല്ല്യമായ ക്രിപ്റ്റോ കറൻസിയാണ് ഹാക്കർ ആവശ്യപ്പെടുന്നത്. പേരും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും തുടങ്ങി ജനനത്തീയതി വരെ ഹാക്കർമാർ ചോർത്തിയെന്നും ഇതിൽ പറയുന്നുണ്ട്. നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ പക്കലുള്ള ഡിപ്ലോമാറ്റിക്ക് പാസ്പോർട്ട് ഹോൾഡർമാരുടെ വിവരങ്ങളും ഇത്തരത്തിൽ ചോർത്തിയതായി ചൈനീസ് ഹാക്കറായ സെൻസെൻ അവകാശപ്പെട്ടിരുന്നു.

English Summary:

Airtel denies data breach of customers, calls it attempt to ‘tarnish reputation’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com