ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടന്‍ ആവശ്യപ്പെടുന്ന മാറ്റത്തിന്റെ ഏജന്റാകുമെന്നായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ വോട്ടർമാർക്കു നല്‍കിയ ഉറപ്പ്. ബ്രെക്‌സിറ്റിനു പിന്നാലെ തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം. തൊഴിലെടുക്കുന്നവര്‍ക്ക് നികുതിവര്‍ധന ഉണ്ടാവില്ലെന്നു വാഗ്ദാനവുമനുണ്ടായിരുന്നു. നികുതി വർധനയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ജനപ്രീതി ഇടിയാനുള്ള പ്രധാന കാരണമെന്ന തിരിച്ചറിവിൽനിന്നുണ്ടായ നീക്കമായിരുന്നു അത്. ആദായ നികുതിയിലോ ഇന്‍ഷുറന്‍സിലോ മൂല്യവര്‍ധിത നികുതിയിലോ വര്‍ധനയുണ്ടാവില്ലെന്നും കോര്‍പറേഷന്‍ നികുതി 25% ആയി നിലനിര്‍ത്തുമെന്നും ഉറപ്പു നല്‍കി.

രാജ്യത്തെ ആരോഗ്യക്ഷേമ സംവിധാനങ്ങളുടെ ദൗര്‍ബല്യവും അതേക്കുറിച്ചുള്ള പരാതികളുമായിരുന്നു കൺസർവേറ്റീവ് പാര്‍ട്ടി നേരിട്ട മറ്റൊരു തിരിച്ചടി. ഇവിടെയും ലേബര്‍ പാര്‍ട്ടി വാഗ്ദാനങ്ങള്‍ കൊണ്ട് വോട്ടു കൊയ്തു. ദേശീയ ആരോഗ്യ സംവിധാനത്തിലേക്ക് (എന്‍എച്ച്എസ്) ഓരോ ആഴ്ചയും 40,000 ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുമെന്നും ഇവര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുമെന്നും സ്റ്റാർമറും സംഘവും പ്രകടനപത്രികയില്‍ അവകാശപ്പെട്ടിരുന്നു. കുട്ടികളെയും മുതിര്‍ന്ന പൗരന്മാരെയും ചികിത്സിക്കാന്‍ 8,500 പുതിയ ജീവനക്കാരെക്കൂടി നിയമിക്കുമെന്നും പ്രകടന പത്രിക പറയുന്നു.

കുടിയേറ്റ വിഷയത്തില്‍ ഋഷി സുനകിന്റെയും കൺസർവേറ്റീവ് പാര്‍ട്ടിയുടെയും തീവ്ര നയങ്ങളോട് പ്രതിപത്തിയില്ലെങ്കിലും വീസ നിയന്ത്രണം ഏര്‍പ്പെടുത്തി കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ലേബര്‍ പാര്‍ട്ടിയും വാഗ്ദാനം നല്‍കിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ കൂടുതല്‍ ജോലിയെടുക്കുന്ന മേഖലയില്‍ തദ്ദേശീയര്‍ക്ക് പരിശീലനം നല്‍കി നിയമിക്കണമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്. അതേസമയം, അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് അയയ്ക്കുമെന്ന സുനക്കിന്റെ വിവാദ പദ്ധതി നിർത്തലാക്കുമെന്നു പ്രഖ്യാപിച്ചും ലേബര്‍ പാര്‍ട്ടി ജനപ്രീതി നേടി.

15 ലക്ഷം പുതിയ വീടുകള്‍, മികച്ച റോഡുകള്‍, എന്‍എച്ച്എസിന് 160 കോടി ഡോളര്‍ സഹായം, പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രം 80 കോടതികള്‍, 16 വയസ്സില്‍ വോട്ടവകാശം, കൂടുതല്‍പേരെ പൊലീസിലേക്ക് റിക്രൂട്ട് ചെയ്യല്‍ തുടങ്ങി ജനപ്രിയ പ്രഖ്യാപനങ്ങളുടെ വലിയ പട്ടികയാണ് ലേബര്‍ പാര്‍ട്ടി വോട്ടർമാർക്കു മുന്നിലേക്കു വച്ചത്. അത് അവർ മുഖവിലയ്ക്കെടുത്തുവെന്നതിനു തെളിവാണ് സ്റ്റാര്‍മറും പാർ‌ട്ടിയും നേടിയ തിളങ്ങുന്ന വിജയം തെളിയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com