ADVERTISEMENT

തിരുവനന്തപുരം∙ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളില്‍ കുടിശിക ഉണ്ടെന്നും അത് മുഴവന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിമാസം 1600 രൂപ നല്‍കുന്ന സാമൂഹിക ക്ഷേമ പെന്‍ഷന്റെ 5 ഗഡുക്കളാണ് കുടിശികയുള്ളത്. 2024 മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ കൃത്യമായി നല്‍കുന്നുണ്ട്. കുടിശിക 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡുക്കളായും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നു ഗഡുക്കളായും വിതരണം ചെയ്യും. 4250 കോടി രൂപയാണ് കുടിശികയായി നല്‍കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളാണെന്നു ആവർത്തിച്ച മുഖ്യമന്ത്രി സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതവും കേന്ദ്രം വെട്ടിക്കുറച്ചെന്ന് ആരോപിച്ചു. ജനസംഖ്യാ നിയന്ത്രണത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ ധനകാര്യ കമ്മിഷന്റെ പുതിയ മാനദണ്ഡപ്രകാരം സംസ്ഥാനത്തിന് ദോഷകരമാകുന്ന സ്ഥിതിയാണ്. അതിന്റെ പേരില്‍ നികുതിവിഹിതം കുറയ്ക്കുന്ന സമീപനമാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രി സഭയെ അറിയിച്ചു. കിഫ്ബി എടുക്കുന്ന വായ്പയും പ്രതിവര്‍ഷ കടപരിധിയില്‍നിന്നു കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണെന്നും, 2020-21ല്‍ 31,068 കോടി രൂപയായിരുന്ന കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റുകള്‍ 2023-24ല്‍ 12,068 കോടി രൂപയായി ചുരുങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സഭയിൽ പറഞ്ഞ മറ്റു കാര്യങ്ങൾ –നെല്ലു സംഭരണത്തിലെ കുടിശിക ഈ സാമ്പത്തിക വര്‍ഷം തന്നെ കൊടുത്തു തീര്‍ക്കും. കാരുണ്യ പദ്ധതിയുടെ ഭാഗമായി മരുന്നു വിതരണത്തിലെ ബില്ലുകളില്‍ വന്ന കുടിശിക 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ വിതരണം ചെയ്യും. പെന്‍ഷന്‍ പരിഷ്‌കരണത്തിലെ കുടിശികയായ 600 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം തന്നെ നല്‍കും. സര്‍ക്കാര്‍ ജീവനക്കരുടെ ഡിഎ കുടിശികയില്‍ പ്രത്യേക ഉത്തരവ് ഇറക്കും. നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കൊപ്പം ചെലവ് ചുരുക്കലിനുള്ള മാർഗങ്ങളും സ്വീകരിക്കും.

English Summary:

Kerala will raise social security pension, social welfare pension dues issue shortly says CM in niyamasabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com