ADVERTISEMENT

കൊച്ചി/തിരുവനന്തപുരം∙വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് പദ്ധതി യാഥാർഥ്യമാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കിയതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യുഡിഎഫ് സർക്കാരിനും അഭിവാദ്യം അർപ്പിച്ച് കൊണ്ട് ഹൈക്കോടതി ജംക്‌ഷനിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

വിഴിഞ്ഞം പദ്ധതിക്ക് പിന്നില്‍ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുണ്ടെന്നാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത്. 2015ല്‍ വിഴിഞ്ഞം പദ്ധതി ദേശാഭിമാനിക്ക് കടല്‍ക്കൊള്ളയായിരുന്നു. ഇന്നത് സ്വപ്‌ന പദ്ധതിയാണ്. ഓന്തിനെ പോലെ നിറം മാറുകയാണ് ഇവര്‍. പിണറായി സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പറയാതിരുന്നത് കൊണ്ട് ജനം അദ്ദേഹത്തിന്റെ സംഭാവനകള്‍ മറന്നു പോകില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

വിഴിഞ്ഞം യാഥാർഥ്യമാക്കിയെന്ന് അവകാശപ്പെടുന്ന ഈ സര്‍ക്കാര്‍ തുറമുഖവുമായി ബന്ധപ്പെട്ട റോഡ്, റെയില്‍ വികസനത്തിന് എന്ത് ചെയ്‌തെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതിന്റെ സന്തോഷസൂചകമായി കേക്ക് മുറിച്ച വി.ഡി സതീശൻ മുൻ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവിന് മധുരം നൽകി.

അതേസമയം, വിഴിഞ്ഞം പദ്ധതിയുടെ ട്രയൽ റൺ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടേറിയേറ്റിലേയ്ക്ക് പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് തമസ്കരിക്കാൻ ശ്രമിച്ചത് നിലവാരം കുറഞ്ഞ നടപടിയാണെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത ഡിസിസി പാലോട് രവി കുറ്റപ്പെടുത്തി. പദ്ധതി സമയത്ത് ഉയർന്നുവന്ന എല്ലാ ആശങ്കകളും പരിഹരിക്കുകയും, ഗ്രീൻ ട്രിബ്യൂണൽ മുമ്പാകെ വന്ന കേസ്സുകൾ തീർപ്പാക്കുകയും, മൽസ്യതൊഴിലാളികൾക്കായി 450 കോടി രൂപയുടെ പുനരധിവാസ പാക്കേജ് അംഗീകരിക്കുകയും ചെയ്തു കൊണ്ടാണ് ഉമ്മൻ ചാണ്ടി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതെന്നും പാലോട് രവി പറഞ്ഞു.

English Summary:

Vizhinjam Port: UDF Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com