ADVERTISEMENT

തിരുവനന്തപുരം∙ ആമയിഴഞ്ചാൻ തോടിൽ മാലിന്യം നീക്കുന്നതിനിടയിൽ കാണാതായ ജോയിക്ക് നേരിട്ട ദുരന്തം അതീവ ദുഃഖകരമെന്ന് ശശി തരൂർ എംപി. അപകടത്തിൽപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ജോയിയെ കണ്ടെത്താൻ കഴിയാത്തത് നിർഭാഗ്യകരമാണെന്നും ആധുനിക സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ ഇത്തരം അപകടകരമായ ജോലികളിൽ മനുഷ്യരെ ഏർപ്പെടുത്തരുതെന്നും ശശി തരൂർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

‘‘ദുരന്തം നേരിട്ട മാരായമുട്ടം സ്വദേശി ജോയിയുടെ കുടുംബത്തിനൊപ്പം നിൽക്കും. കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണം. ഭരണാധികാരികൾ, പ്രത്യേകിച്ച് നഗരസഭാ ഭരണാധികാരികൾ ഈ ദുരന്തത്തിനു ഉത്തരവാദികളാണ്. തിരുവനന്തപുരം നഗരസഭ നിരുത്തരവാദപരമായി പ്രവർത്തിച്ചതിനാലാണ് ഈ ദുരന്തം സംഭവിച്ചത്. ആമയിഴഞ്ചാൻ തോട് യഥാസമയം വൃത്തിയാക്കേണ്ടത് നഗരസഭയുടെ കടമയാണ്. അതു ചെയ്യാതെ തൊഴിലാളികളെ കുരുതികൊടുക്കുന്ന രീതിയിലുള്ള അനാസ്ഥയാണ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ദുരന്തമുണ്ടായപ്പോൾ റെയിൽവേയെ കുറ്റപ്പെടുത്തി തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറാനുള്ള നഗരസഭയുടെയും മേയറുടെയും നീക്കം അപലപനീയമാണ്.

റെയിൽവേയുടെ ഭാഗത്തുനിന്ന് നിസഹകരണം ഉണ്ടായിരുന്നെങ്കിൽ അതു കേന്ദ്ര - സംസ്ഥാന സർക്കാരുകളെയും ജനപ്രതിനിധികളെയും അറിയിക്കണമായിരുന്നു. നഗരസഭാ പ്രവർത്തനം ഇത്രയധികം അവതാളത്തിലായ സമയം ഇതിനു മുമ്പുണ്ടായിട്ടില്ല. ശുചിത്വമില്ലായ്മ കാരണം കോളറ പോലെയുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു. കാര്യക്ഷമതയില്ലാത്ത നഗരഭരണമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതിനു പ്രധാന കാരണം.’’– ശശി തരൂർ പറഞ്ഞു.

English Summary:

Shashi Tharoor MP on Sanitation worker goes missing in Amayizhanjan canal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com