ADVERTISEMENT

മുംബൈ ∙ തനിക്കെതിരെ മാധ്യമ വിചാരണയെന്ന നിലപാടുമായി വിവാദ ട്രെയിനി ഐഎഎസ് ഓഫിസർ പൂജ ഖേദ്കർ രംഗത്ത്. താൻ കുറ്റക്കാരിയാണെന്ന തരത്തിലുള്ള മാധ്യമ വിചാരണ തെറ്റാണെന്നു പൂജ പ്രതികരിച്ചു. 34 വയസ്സുകാരിയായ പൂജ അധികാര ദുരുപയോഗം നടത്തിയെന്നും സിവിൽ സർവീസ് പരീക്ഷ പാസാകാൻ തട്ടിപ്പു നടത്തിയെന്നുമാണ് ആരോപണം.

‘‘കുറ്റക്കാരിയെന്നു തെളിയുന്നതുവരെ നിരപരാധിയാണ് എന്ന വസ്തുത അടിസ്ഥാനമാക്കിയുള്ളതാണു നമ്മുടെ ഭരണഘടന. അതിനാൽ, ഞാൻ കുറ്റക്കാരിയാണെന്നു തെളിയിക്കുന്ന മാധ്യമ വിചാരണ തെറ്റാണ്. ഇത് എല്ലാവരുടെയും അടിസ്ഥാന അവകാശമാണ്. ആരോപണമുണ്ടെന്നു നിങ്ങൾക്കു പറയാം. പക്ഷേ എന്നെ കുറ്റക്കാരിയാക്കുന്നതു തെറ്റാണ്’’– പൂജ വ്യക്തമാക്കി. ആരോപണങ്ങൾ അന്വേഷിക്കുന്ന വിദഗ്ധ സമിതിക്കു മുന്നിൽ മൊഴി നൽകുമെന്നും കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുമെന്നും പൂജ പറഞ്ഞു.

“പ്രൊബേഷനറി ഉദ്യോഗസ്ഥ എന്ന നിലയിൽ ജോലി ചെയ്യുകയും പഠിക്കുകയുമാണ് എന്റെ കർത്ത‌വ്യം. അതാണു ചെയ്യുന്നതും. അന്വേഷണത്തെപ്പറ്റി അഭിപ്രായം പറയാൻ എനിക്കു കഴിയില്ല. സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്റെ നിലപാട് ‌അവരോടു പറയും. തീരുമാനം എന്തായാലും പരസ്യമായാണു പ്രഖ്യാപിക്കുക, അതു പൊതുസമൂഹത്തിനു മുന്നിലെത്തും’’– പൂജ പറഞ്ഞു.

നിയമവിരുദ്ധമായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച പൂജയുടെ ആഡംബര കാർ പുണെ പൊലീസ് പിടിച്ചെടുത്തിരുന്നു. ആരോപണങ്ങൾ തെളിഞ്ഞാൽ പൂജയെ സർവീസിൽനിന്നു പിരിച്ചുവിടും. നിയമനടപടികളും നേരിടേണ്ടിവരും. കാഴ്ചപരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്‌സിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്, ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ സാധുത എന്നിവയാണ് കേന്ദ്ര പഴ്സനൽ മന്ത്രാലയം അന്വേഷിക്കുന്നത്. കർഷകർക്കുനേരെ തോക്കു ചൂണ്ടിയതിനു പൂജയുടെ മാതാപിതാക്കളായ മനോരമ ഖേദ്കർ, ദിലീപ് ഖേദ്കർ എന്നിവർക്കെതിരെയും കേസുണ്ട്‌.

English Summary:

"Proving Me Guilty By Media Trial Wrong": Trainee IAS Officer Puja Khedkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com