ADVERTISEMENT

ലഖ്നൗ∙ യുപി ബിജെപിയിലെ സംസ്ഥാന ഘടകത്തില്‍ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്. സംസ്ഥാനത്തെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പുനഃസംഘടനയെന്നാണു നിഗമനം.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ബിജെപി സംസ്ഥാനത്തു നേരിട്ടത്. 62 സീറ്റുകളുണ്ടായിരുന്ന ബിജെപി 33 ലേക്ക് ചുരുങ്ങിയത് ദേശീയ തലത്തില്‍ പാർട്ടിക്ക് ക്ഷീണമായിരുന്നു. ഞായറാഴ്ച ലഖ്‌നൗവിൽ നടന്ന ബിജെപി പ്രവർത്തക സമിതി യോഗത്തിൽ പാർട്ടിയാണ് സർക്കാരിനേക്കാൾ വലുതെന്നും ആരും തന്നെ പാർട്ടിയേക്കാൾ വലിയവരല്ലെന്നും കേശവ പ്രസാദ് മൗര്യ പറഞ്ഞിരുന്നു. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സാന്നിധ്യത്തിലായിരുന്നു മൗര്യയുടെ പ്രസംഗം. 

അമിത ആത്മവിശ്വാസം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നായിരുന്നു യോഗി തിരിച്ചടിച്ചത്. ഇന്ത്യാ മുന്നണിയെ ഫലപ്രദമായി നേരിടാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും യോഗി പ്രവർത്തക സമിതി യോഗത്തിൽ കുറ്റപ്പെടുത്തി. ഇതോടെയാണ് പാർട്ടിയിലെ ഉൾക്കലഹം മറനീക്കി പുറത്തു വന്നത്. അതിനിടെ യുപി ബിജെപി അധ്യക്ഷൻ ഭൂപേന്ദർ ചൗധരി പ്രധാനമന്ത്രി മോദിയുമായും ദേശീയ അധ്യക്ഷൻ നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചക്കിടെ സംസ്ഥാന നേതൃസ്ഥാനം ഒഴിയാൻ ചൗധരി തയാറായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

ഇതിനു പിന്നാലെയാണു ബുധനാഴ്ച വൈകീട്ടോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്ഭവനിലെത്തി ഗവർണർ ആനന്ദി ബെൻ പട്ടേലിനെ കണ്ടത്. നിയമസഭയുടെ മൺസൂൺ സമ്മേളനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണു യോഗി ഗവർണറെ കണ്ടതെങ്കിലും മന്ത്രിസഭാ പുനഃസംഘടനയും കൂടിക്കാഴ്ച്ചയിൽ ചർച്ചയായതായാണു സൂചന.

യുപിയിലെ 10 സീറ്റുകളിൽ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണു ബിജെപിയുടെ പ്രഥമ പരിഗണന. അതിനുമുൻപ് ഒരു മുഖം മിനുക്കലിന് പാർട്ടിയിലും കാബിനറ്റിലും സാധ്യതയുണ്ട്. 2027 ൽ യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവിനെയാണു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നേതൃത്വം പരിഗണിക്കുന്നത്. ജാട്ട് സമുദായത്തിൽ നിന്നുള്ളയാളാണു നിലവിലെ സംസ്ഥാന അധ്യക്ഷനായ ഭൂപേന്ദർ ചൗധരി. ഒബിസി നേതാവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവന്നു നിലവിലുള്ള ചേരിതിരിവ് അവസാനിപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം.

English Summary:

BJP Crisis in UP: Cabinet Reorganization Likely to Curb Infighting Ahead of By-Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com