ADVERTISEMENT

കാർവാർ (കർണാടക) ∙ ഷിരൂർ കുന്നിലെ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറി പിറ്റേ ദിവസം എൻജിൻ സ്റ്റാർട്ട് ആയതായി ജിപിഎസിൽ കണ്ടെത്തിയിട്ടില്ലെന്നും അത്തരം പ്രചാരണത്തിൽ വാസ്തവമില്ലെന്നും ലോറി ഉടമ മനാഫ്. ‘‘ലോറിയുടെ എൻജിൻ പിറ്റേദിവസം സ്റ്റാർട്ട് ആയതായി ജിപിഎസിൽ കണ്ടെത്തി എന്ന് ആരോ തെറ്റായ പ്രചാരണം നടത്തിയതാണ്. പിന്നീട് അത് പലരും ഏറ്റു പിടിച്ചു പ്രചരിപ്പിച്ചു. അത്തരം ഒരു കണ്ടെത്തൽ ഒരു അന്വേഷണ ഏജൻസിയും അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. ലോറി കമ്പനിയുടെ അധികൃതർ അങ്ങനെ പറ‍ഞ്ഞോ എന്നറിയില്ല’’– മനാഫ് പറഞ്ഞു. ദേശീയപാതയിലെ മണ്ണ് മുഴുവൻ നീക്കിയിട്ടും ലോറി കണ്ടെത്താത്ത സ്ഥിതിക്ക് അത് പുഴയിൽ വീണതാണെങ്കിൽ എങ്ങനെ പിറ്റേദിവസം എൻജിൻ സ്റ്റാർട്ട് ആയി എന്ന സംശയം സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു മനാഫ്.

കെഎ 15എ 7427 കർണാടക റജിസ്ട്രേഷനിൽ കോഴിക്കോട് കിണാശ്ശേരി സ്വദേശി മുബീന്റെയും സഹോദരൻ മനാഫിന്റെയും ഉടമസ്ഥതയിലുള്ളതാണ് സാഗർ കോയ ടിംബേർസ് എന്ന പേരിലുള്ള ഈ ലോറി. ഒരു വർഷം മുൻപ് വാങ്ങിയതാണ് ഭാരത് ബെൻസ് കമ്പനിയുടെ എയർ കണ്ടീഷൻഡ് ഡ്രൈവിങ് കാബിനുള്ള ലോറി. 

ഒരു ഭാഗത്ത് കുന്നും മറുഭാഗത്ത് ഗംഗാവലി പുഴയ്ക്കും ഇടയിലൂടെയാണ് ഷിരൂരിൽ ദേശീയപാത കടന്നുപോകുന്നത്. അർജുൻ സ്ഥിരം സഞ്ചരിക്കുന്ന റൂട്ടാണിത്. ഇവിടെ കുന്നിന്റെ ഭാഗത്തുണ്ടായിരുന്ന ഒഴിഞ്ഞ സ്ഥലത്താണു വാഹനങ്ങൾ പാർക്ക് ചെയ്യാറുള്ളത്. അർജുന്റെ ലോറിയും ഇവിടെയായിരിക്കാം പാർക്ക് ചെയ്തിരുന്നത് എന്നാണു കരുതുന്നത്. പുഴയിൽ വീണതാണെങ്കിൽ എൻജിൻ ഓൺ ആകുന്നതിനുള്ള യാതൊരു സാധ്യതയും ഇല്ല. അതേസമയം പിറ്റേദിവസം അർജുന്റെ ഫോൺ റിങ് ചെയ്തു എന്നും കുടുംബം പറഞ്ഞിരുന്നെങ്കിലും പുഴയിൽ വീണതാണെങ്കിൽ അതിനും സാധ്യത കുറവാണ്.

English Summary:

Manaf Refutes False Claims About GPS and Missing Lorry in Shirur Landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com