ADVERTISEMENT

കോട്ടയം ∙ കാര്‍ഗിലില്‍ പാക്ക് സൈനികരെ തുരത്തി ഇന്ത്യന്‍ സൈന്യം അഭിമാനകരമായ വിജയം നേടി 25 വര്‍ഷമാകുമ്പോൾ, ആലപ്പുഴ ജില്ലയിലെ കുറത്തികാട് ജംക്‌ഷനിലെ ഒരു ബാര്‍ബര്‍ ഷോപ്പിന്റെ ബോര്‍ഡിലും കാൽനൂറ്റാണ്ടായി മായാതെയുണ്ട് ‘കാര്‍ഗില്‍’ എന്ന പേര്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ രാവുംപകലും ജാഗരൂകരായി സേവനം അനുഷ്ഠിക്കുന്ന ഇന്ത്യന്‍ സൈനികരോടുള്ള ആദരവും സ്‌നേഹവും സ്വന്തം സ്ഥാപനത്തിന്റെ ബോര്‍ഡിലും എഴുതിച്ചേര്‍ക്കുകയായിരുന്നു ഭരണിക്കാവ് സ്വദേശി എന്‍.മുരളീധരന്‍. ജീവനുള്ള കാലത്തോളം സ്ഥാപനവുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹമെന്നും അതുവരെ ‘കാര്‍ഗില്‍’ എന്ന പേര് അവിടെത്തന്നെ ഉണ്ടാകുമെന്നും മുരളീധരന്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. 

‘‘കാര്‍ഗില്‍ വിജയദിനം കഴിഞ്ഞ് 10–15 ദിവസത്തിനു ശേഷമാണ് കടയുടെ പേരു മാറ്റണമെന്ന് തോന്നിയത്. അതുവരെ ടിപ്‌ടോപ് എന്നായിരുന്നു പേര്. ഭാരതത്തിന്റെ കാവല്‍ഭടന്മാരായുള്ള പട്ടാളക്കാരോടുള്ള ആദരസൂചകമായാണ് പേര് മാറ്റണമെന്നു തോന്നിയത്. കാര്‍ഗിലില്‍ അവര്‍ അനുഭവിച്ച ദുരിതങ്ങളും മറ്റും എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. അങ്ങനെ സ്ഥാപനത്തിന്റെ പേര് ‘കാര്‍ഗില്‍’എന്നാക്കി. 25 വര്‍ഷമായി അതേ പേര് തന്നെയാണ് കടയ്ക്കുള്ളത്.

ജീവനുള്ളിടത്തോളം കാലം സ്ഥാപനവുമായി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം. അതുവരെ ഈ പേര് തന്നെയായിരിക്കും. സൈനികരോട് എന്നും അകമഴിഞ്ഞ സ്‌നേഹവും ബഹുമാനവുമാണ്. പ്രദേശത്തുള്ള വിരമിച്ച പല സൈനികരും കടയില്‍ വരാറുണ്ട്. അവരുമായി അടുത്ത സൗഹൃദമാണുള്ളത്. 17 വയസ്സു മുതലാണ് ഈ ജോലി ചെയ്തു തുടങ്ങിയത്. ഒരു വര്‍ഷം മധ്യപ്രദേശില്‍ ജോലി ചെയ്തു. 47 വര്‍ഷമായി കുറത്തികാടിന് സമീപം ബാര്‍ബര്‍ ഷോപ്പ് നടത്തുന്നു.’’ - ഭരണിക്കാവ് വടക്ക് പ്രദീപ് ഭവനത്തില്‍ മുരളീധരന്‍ പറഞ്ഞു. 

കടയുടെ പേരു കണ്ട്, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അഭിനന്ദിക്കാറുണ്ടെന്ന് മുരളീധരന്‍ അഭിമാനത്തോടെ പറയുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന് കുറത്തികാട്ട് എത്തിയ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, എം.മുരളി തുടങ്ങിയവര്‍ അഭിനന്ദിച്ച കാര്യവും മുരളീധരന്‍ ഓര്‍ത്തെടുത്തു.

‘‘തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാനാണ് അവര്‍ വന്നത്. കടയുടെ മുന്നില്‍ വന്ന രമേശ് ചെന്നിത്തല പേര് കണ്ട് പുറത്തുനിന്ന് പല തവണ കടയ്ക്കുള്ളിലേക്ക് എന്നെ നോക്കി. ഒടുവില്‍ കടയ്ക്ക് അകത്തേക്ക് വന്ന് എന്റെ തോളില്‍ തട്ടി. കടയ്ക്ക് ഈ പേരിടാനുള്ള കാരണം എന്താണെന്നു ചോദിച്ചു. ഓരോ ഭാരതീയനും രാത്രിയില്‍ സുഖമായി ഉറങ്ങുമ്പോള്‍ അവരുടെ കാവല്‍ഭടന്മാരായി ത്യാഗം അനുഭവിക്കുന്ന സൈനികര്‍ രാവുംപകലുമില്ലാതെ പണിയെടുക്കുന്നെന്നും അവരോടുള്ള ആദരസൂചകമായാണ് കടയ്ക്കു കാര്‍ഗില്‍ എന്നു പേര് നല്‍കിയതെന്നു ഞാന്‍ പറഞ്ഞു.

‘കലാബോധവും ദേശസ്‌നേഹവും ഉള്ള വ്യക്തിയാണ് താങ്കള്‍’ എന്നാണ് എനിക്ക് കൈതന്നിട്ട് ചെന്നിത്തല പറഞ്ഞത്. കടയുടെ പേരിനെക്കുറിച്ചുള്ള വാര്‍ത്ത വന്ന ശേഷം ധാരാളം സൈനികര്‍ എന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ച് അഭിനന്ദിച്ചിരുന്നു. ഈ പേര് മൂലം അത്തരം ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.’’ - മുരളീധരന്‍ പറഞ്ഞു.

English Summary:

Alappuzha Barber Shop Named 'Kargil' Honors Indian Army's Victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com