ADVERTISEMENT

‌ബെംഗളൂരു∙ കോറമംഗലയിലെ പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അഭിഷേകിനെ മധ്യപ്രദേശിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് ശനിയാഴ്ച പുലർച്ചെ ബെംഗളൂരു പൊലീസ് പിടികൂടിയത്. ജൂലൈ 23ന് രാത്രിയായിരുന്നു കോറമംഗലയിലെ പിജി ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് ബിഹാർ സ്വദേശിനിയായ കൃതി കുമാരി (24) യെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.

ഹോസ്റ്റലിലെ കെയർ ടേക്കർ രാത്രി ഭക്ഷണം കഴിക്കാൻ പുറത്തു പോയ തക്കം നോക്കിയാണ് പ്രതിയായ അഭിഷേക് അകത്തു കയറയിത്. മൂന്നാം നിലയിലെ മുറിക്ക് സമീപത്തു വച്ച് യുവാവും കൃതിയുമായി പിടിവലി നടന്നു. ഇതിനു പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം. രക്തം വാർന്ന് നിലത്തു വീണ കൃതിയുടെ നിലവിളി കേട്ടാണ് മറ്റു മുറികളിലുണ്ടായിരുന്നവർ സംഭവമറിയുന്നത്. ഇവർ ഉടനെ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൃതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

കുറച്ച് ദിവസങ്ങൾക്കു മുൻപാണ് കൃതി കോറമംഗലയിലെ വിആർ ലേഔട്ടിലുള്ള പിജിയിൽ എത്തിയത്. പ്രതിയായ അഭിഷേകും കൊല്ലപ്പെട്ട കൃതിയുടെ മുറിയിൽ മുൻപ് താമസിച്ചിരുന്ന യുവതിയും തമ്മിൽ പ്രണയ ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. ഈ ബന്ധം വേർപ്പെട്ടതിന് പിന്നിൽ കൃതിയാണെന്ന് അഭിഷേക് കരുതിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൃതിയുടെ പുതിയ താമസ സ്ഥലത്തെത്തി അഭിഷേക് കൊലപാതകം നടത്തിയത്. 

സ്വകാര്യ ഐടി കമ്പനിയിലെ ജോലിക്കാരിയാണ് കൊല്ലപ്പെട്ട കൃതി കുമാരിയെന്ന് പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വകുപ്പ് 103 പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ നിന്ന് പിടിയിലായ പ്രതിയെ വൈകാതെ തന്നെ ബെംഗളൂരുവിൽ എത്തിക്കും.

English Summary:

24-year-old Bihar woman murdered in Bengaluru's Koramangala PG, CCTV footage shows horrific visuals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com