ADVERTISEMENT

തിരുവനന്തപുരം∙ നോര്‍ക്ക സെക്രട്ടറി കെ.വാസുകിക്കു വിദേശസഹകരണ ചുമതലയുള്ള സെക്രട്ടറിയുടെ ചുമതല നല്‍കിയ നടപടിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേന്ദ്രം രേഖാമൂലം ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കും. നിയമനത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തു വന്നെങ്കിലും ഇതുവരെ സംസ്ഥാന സര്‍ക്കാരുമായി ഔദ്യോഗിക ആശയവിനിമയം ഒന്നും നടത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാമെന്നാണു നിലവില്‍ സര്‍ക്കാര്‍ നിലപാട്. 

കെ.വാസുകിക്ക് ‘വിദേശ സഹകരണ’ത്തിന്റെ ചുമതല നല്‍കിയതിനു പിന്നാലെയാണു വിവാദം തുടങ്ങിയത്. കേന്ദ്ര അധികാര പരിധിയില്‍ സംസ്ഥാനം കടന്നുകയറിയെന്ന തരത്തിലാണു വിദേശകാര്യമന്ത്രാലത്തിന്റെ പ്രതികരണം ഉണ്ടായത്. എന്നാല്‍ വിദേശ ഏജന്‍സികള്‍, എംബസികളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, പ്രതിനിധിസംഘങ്ങള്‍ എന്നിവ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുമ്പോള്‍ നടപടികള്‍ ഏകോപിപ്പിക്കാനാണ് വിദേശ സഹകരണത്തിന്റെ ചുമതല ഒരു സെക്രട്ടറിക്കു നല്‍കിയതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. 

മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്തു പോകുമ്പോള്‍ അവിടെ നടക്കുന്ന ചര്‍ച്ചകളുടെ ഫലമായി പല പ്രതിനിധികളും കേരളം സന്ദര്‍ശിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളിലും ഏകോപനം ആവശ്യമാണ്. മന്ത്രിമാരുടെ വിദേശയാത്രകള്‍ ക്രമീകരിക്കുക, വിദേശ മലയാളികള്‍ക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാന്‍ ഇടപെടുക തുടങ്ങിയ ജോലികളും കെ.വാസുകിക്കായിരിക്കും. 

എല്ലാ സംസ്ഥാനങ്ങളോടും വിദേശത്തെ ആവശ്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കണമെന്നു 2014 ല്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നോഡല്‍ ഓഫിസര്‍ എന്നതിനു പകരം സെക്രട്ടറി (വിദേശ സഹകരണം) എന്ന് ഉത്തരവിറക്കിയതാണു വിവാദത്തിനു കാരണമെന്നാണു കരുതപ്പെടുന്നത്. കയറ്റുമതി, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും സംസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യമന്ത്രാലയത്തിനു കീഴില്‍ 2014 ഒക്ടോബറിലാണു 'സ്റ്റേറ്റ്‌സ്' ഡിവിഷന്‍ രൂപീകരിച്ചത്. ഡിവിഷന്റെ ഭാഗമായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ ആ സമയത്തു തന്നെ നിര്‍ദേശിച്ചിരുന്നു.

നോര്‍ക്ക റൂട്‌സ് വഴി വിദേശസഹകരണമുള്ളതിനാല്‍ കേരളത്തില്‍ ആദ്യഘട്ടത്തില്‍ നോഡല്‍ ഓഫിസറെ നിയമിച്ചില്ല. പിന്നീട്, ലോക കേരളസഭയുമായി ബന്ധപ്പെട്ട് ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി 2021 ല്‍ മുന്‍ അംബാസഡര്‍ വേണു രാജാമണിയെ നിയമിച്ചു. അദ്ദേഹം ഒഴിഞ്ഞപ്പോഴാണു നോര്‍ക്ക സെക്രട്ടറി സുമന്‍ ബില്ലയ്ക്കു ചുമതല നല്‍കിയത്.

English Summary:

Kerala govt. decided to proceed with the process of giving K. Vasuki the charge of secretary in charge of foreign cooperation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com