ADVERTISEMENT

മേപ്പാടി ∙ ചെളി നിറഞ്ഞ ചൂരൽമല അങ്ങാടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു നായ അലഞ്ഞു നടക്കുന്നുണ്ടായിരുന്നു. അങ്ങാടിയിലെല്ലാം ആരെയോ തിരഞ്ഞു നടക്കുകയായിരുന്നു നായ. എയർ ലിഫ്റ്റിങ്ങിന് വരുന്ന ഹെലികോപ്റ്ററിനെ നോക്കി ഉച്ചത്തിൽ ഓരിയിടുകയും ഭയപ്പാടിന്റെ ശബ്ദമുണ്ടാക്കുകയും ചെയ്യുമ്പോൾ സൈനികർ ഉൾപ്പെടെയുള്ളവർ ആശ്വസിപ്പിക്കാൻ എത്തും. ‍ഞായറാഴ്ച ഉച്ചയോടെ ഉടമ ക്യാംപിൽനിന്ന് തിരിച്ച് ചൂരൽമല എത്തിയപ്പോൾ നായയുടെ സന്തോഷപ്രകടനം കണ്ടുനിന്നവരെ കണ്ണീരണിയിച്ചു.

അട്ടമല സ്വദേശിയായ ഉമ തിരിച്ചെത്തിയപ്പോഴാണ് നായ ഓടിച്ചെന്ന് മുൻകാലുകൾ ഉയർത്തി കെട്ടിപ്പിടിച്ച് പ്രത്യേക ശബ്ദം ഉണ്ടാക്കിയത്. ഇതോടെ ഉമയും കരയാൻ തുടങ്ങി. ‘‘കരയണ്ട. നമുക്ക് വീട്ടിൽ പോകാം. അമ്മ കൊണ്ടുപോകാം’’ എന്ന് പറഞ്ഞ് ഉമയും നായയെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ലിയോ എന്നാണ് നായയുടെ പേര്. ഉരുൾപൊട്ടലിൽ അട്ടമലയിൽ കുടുങ്ങിയതാണ് ഉമയും കുടുംബവും. ഇവരെ രക്ഷാപ്രവർത്തകർ ബുധാനാഴ്ച ക്യാംപിലേക്ക് മാറ്റിയപ്പോൾ ലിയോയേയും കൂടെകൂട്ടി.

ക്യാംപിലേക്ക് നായയെയും കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ ചൂരൽമല അങ്ങാടിയിൽ ഇറക്കി വിടുകയായിരുന്നു. അങ്ങാടിയിലാകുമ്പോൾ ആൾക്കാർ എന്തെങ്കിലും ഭക്ഷണം നൽകുമല്ലോ എന്ന് പ്രതീക്ഷിച്ചാണ് ഇറക്കിവിട്ടതെന്ന് ഉമ പറഞ്ഞു. ദിവസവും ഉമയുടെ ഭർത്താവ് വന്ന് നായയ്ക്ക് ഭക്ഷണം നൽകി പോകാറുണ്ടായിരുന്നു. എന്നാൽ ക്യാംപിലേക്ക് മാറിയശേഷം ഉമ ആദ്യമായാണ് ചൂരൽമലയിലേക്ക് വന്നത്.

English Summary:

Wayanad Landslide: Dog Owner Came Back From Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com