ADVERTISEMENT

കോഴിക്കോട്∙ മുഷിഞ്ഞ വസ്ത്രം മുറിയിൽ വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരനു കുപ്പിച്ചില്ല് കൊണ്ടു കുത്തേറ്റു. അതിഥി തൊഴിലാളികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കുപ്പിച്ചില്ല് തറച്ചുകയറി യുവാവിനു ശ്വാസകോശത്തിനു ഗുരുതരമായി പരുക്കേറ്റു. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപമുള്ള ഒരു ഹോട്ടലിൽ വച്ചാണ് അതിഥി തൊഴിലാളികളായ രണ്ടുപേർ ഇന്നലെ ഏറ്റുമുട്ടിയത്. ബംഗാൾ മാൾഡ ഹരിചന്ദ്രപൂർ കാരിയാലി സ്വദേശി ഖലീൽ റഹ്മാൻ (16) ആണ് ആക്രമിക്കപ്പെട്ടത്. 

ജോലി ചെയ്തു മുഷിഞ്ഞവസ്ത്രം ഖലീൽ റഹ്മാൻ, ഗുലാം അഹമ്മദ് രാജയുടെ മുറിയിൽ വച്ചതിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായത്. കുത്തേറ്റു രക്തം തെറിച്ചതോടെ ഹോട്ടലിലെ മറ്റു ജീവനക്കാർ ചേർന്ന് ഖലീൽ റഹ്മാനെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു മുങ്ങി. വിവരമറിഞ്ഞെത്തിയ പൊലീസ് കോട്ടപ്പറമ്പിലെ ഹോട്ടലിലെ മുഴുവൻ ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് ഫോട്ടോയെടുത്തു. ഈ ഫോട്ടോകൾ ആശുപത്രിയിലുള്ള ഖലീൽ റഹ്മാനെ കാണിച്ചാണു പ്രതിയെ തിരിച്ചറിഞ്ഞത്. 

സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെ ഗിരിഡിഹ് മകാഡിഹ് സ്വദേശിയായ ഗുലാം അഹമ്മദ് രാജയെ (22) കസബ എസ്ഐ ജഗ്മോഹൻ ദത്തനും സംഘവും അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഖലീൽ റഹ്മാന്റെ ശ്വാസകോശത്തിലേക്ക് ചില്ല് തുളച്ച് കയറിയുണ്ടായ ആഴത്തിലുള്ള  മുറിവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി തുന്നിച്ചേർത്തു.

English Summary:

Dirty Laundry Dispute Turns Deadly: Migrant Worker Stabbed in Kozhikode Hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com