ADVERTISEMENT

തിരുവനന്തപുരം∙ ഭരണകക്ഷി എംഎല്‍എയും എസ്പിയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതിനു പിന്നാലെ കേരളത്തിലെ പൊലീസ് സേനയുടെയും ആഭ്യന്തര വകുപ്പിന്റെയും തലയില്‍ മൊത്തത്തില്‍ ഒരു പുതപ്പ് ഇടുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊലീസ് സേന അടിമക്കൂട്ടമായി അധഃപതിച്ച കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ല. സ്‌കോട്‌ലന്‍ഡ് യാഡിനെ വെല്ലുന്ന പൊലീസായിരുന്നു കേരളത്തിലെ പൊലീസ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷം നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. 

‘‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നതിന് അപ്പുറം ക്രമസമാധാന ചുമതലയുള്ള എഡിജിപി ഒന്നും ചെയ്യില്ലെന്നാണ് ഒരു എസ്പി പറഞ്ഞിരിക്കുന്നത്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയെ കുറിച്ച് ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് എസ്പി ഉന്നയിച്ചത്. എസ്പിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുകയാണ് ഭരണപക്ഷ എംഎല്‍എ. പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയതിനു കേസെടുത്ത ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ എഡിജിപി രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അറസ്റ്റിനു പൊലീസ് എത്തിയപ്പോള്‍ എഡിജിപി ഒറ്റിക്കൊടുത്തെന്നുമാണ് ആരോപണം. എഡിജിപിയുടെ അളിയന്‍മാരാണ് പണപ്പിരിവ് നടത്തുന്നതെന്നാണ് എസ്പി ആരോപിക്കുന്നത്. മറ്റു ജില്ലകളിലെ എസ്പിമാര്‍ക്കെതിരെയും ഹീനമായ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സത്യസന്ധനായ മലപ്പുറം എസ്പിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇവരെല്ലാം ചേര്‍ന്ന് ഗൂഡാലോചന നടത്തുന്നത്’’ – വി.ഡി. സതീശൻ പറഞ്ഞു. 

പൊലീസിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘവും സിപിഎമ്മും നിയന്ത്രിക്കുന്ന സ്ഥിതിയാണ്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നാണ് ഭരണപക്ഷ എംഎല്‍എയും എസ്പിയും തമ്മിലുള്ള സംഭാഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്. പരാതി പിന്‍വലിക്കുന്നതിനു വേണ്ടി ഒരു എസ്പി ഭരണകകക്ഷി എംഎല്‍എയുടെ കാലു പിടിച്ച് അപേക്ഷിക്കുകയാണ്. തനിക്ക് 25 വര്‍ഷം സര്‍വിസുണ്ടെന്നും ഡിജിപി ആയ ശേഷമെ വിരമിക്കൂവെന്നും അതുവരെ സിപിഎമ്മനോട് കടപ്പെട്ടവനായിരിക്കുമെന്നും സിപിഎം പറയുന്നതെ ചെയ്യാറുള്ളൂവെന്നുമാണ് എസ്പി പറയുന്നത്. അതുതന്നെയാണ് ഞങ്ങളുടെയും ആരോപണം. കേരളത്തിലെ പൊലീസിനെ ഭരിക്കുന്നത് നീതിയും ന്യായവുമല്ല സിപിഎമ്മാണെന്നും സതീശൻ പറഞ്ഞു. 

‘‘സിപിഎം എന്ത് വൃത്തികേട് പറഞ്ഞാലും ചെയ്യാന്‍ മടിക്കാത്ത ഏറാന്‍മൂളികളുടെ സംഘമാക്കി പൊലീസിനെ അധപതിപ്പിച്ചു. ആഭ്യന്തര വകുപ്പിന്റെ മേല്‍ ചമഞ്ഞിരിക്കുന്ന മുഖ്യമന്ത്രിയാണ് ഇതിനു മറുപടി പറയേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയല്ലേ സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള എല്ലാ വൃത്തികേടുകള്‍ക്കും കൂട്ടുനിന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയല്ലേ ജയിലില്‍ കിടന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയും ചേര്‍ന്ന ഉണ്ടാക്കിയിരിക്കുന്ന അച്ചുതണ്ട് വ്യാപക അഴിമതി നടത്തുന്നെന്നും പൊലീസിനെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്നും ഏറാന്‍മൂളികളായ പൊലീസുകാരെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ വച്ച് പണപ്പിരിവ് നടത്തുന്നുവെന്നുമാണ് എസ്പി ആരോപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ ഭരണഘടനാ അതീത ശക്തികളായി പ്രവര്‍ത്തിക്കുന്നുവെന്ന് മുന്‍ ഐജി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പേടിപ്പിച്ചാണ് ആ സത്യവാങ്മൂലം പിന്നീട് പിന്‍വലിച്ചത്. കേരളത്തിലെ പൊലീസ് ഇത്രമാത്രം തലകുനിച്ചു നില്‍ക്കേണ്ട സ്ഥിതിയുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഈ ഭരണത്തിനു കീഴിലാണ് കേരളത്തിലെ പൊലീസ് സിപിഎമ്മിന്റെ ഏറാന്‍മൂളികളായി മാറിയത്. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ’’ – വി.ഡി. സതീശൻ പറഞ്ഞു.

English Summary:

Kerala Police Scandal: V.D. Satheesan Calls for Reprimand of Home Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com