ADVERTISEMENT

കോട്ടയം∙ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ യൂണിയന്‍ കെട്ടിപ്പടുത്തതോടെയാണു നമ്പ്രാത്തുകരക്കാരൻ രാമകൃഷ്ണൻ സിപിഎമ്മിലെ ശക്തനായ തൊഴിലാളി നേതാവായി മാറുന്നത്. കീഴരിയൂരിലെ ഭൂസമരത്തിന്റെയും കുടികിടപ്പ് സമരത്തിന്റെയും നായകനായിരുന്നു രാമകൃഷ്ണന്‍. മുന്നിൽനിന്നു നയിച്ച തൊഴിലാളി സമരങ്ങൾക്കു കണക്കില്ല. കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ ജീവിതം. ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മൂന്നു മാസത്തോളം ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളി സമരങ്ങളിലെ തീപ്പൊരി ആയിരിക്കുമ്പോഴും സൗമ്യത കൈവെടിഞ്ഞിട്ടില്ല. 

പുഞ്ചിരി തൂകുന്ന മുഖവുമായി പേരാമ്പ്രയിലെ സഖാക്കളുടെ ഹൃദയം കവർന്ന സഖാവ് ഇനി സംസ്ഥാനത്തെ ഇടതു മുന്നണിയെ നയിക്കാൻ എത്തുമ്പോൾ അത് അപ്രതീക്ഷിതമെന്നേ പറയാനാകൂ. പദവി വീണുകിട്ടിയതാണെങ്കിലും മുന്നണി കൺവീനർ സ്ഥാനത്തേക്ക് അദ്ദേഹം അർഹനെന്നതിൽ ആർക്കും സംശയമില്ല. വിവാദങ്ങളിൽപ്പെടാതെ പൊതുജീവിതം കെട്ടിപ്പടുത്ത രാമകൃഷ്ണൻ മുന്നണിയെ വിവാദ ചുഴിയിൽ കൊണ്ടിടാതെ നയിക്കുമെന്ന പ്രതീക്ഷയാണു മുഖ്യമന്ത്രി പിണറായി വിജയന് ഉൾപ്പെടെയുള്ളത്. എ.കെ. ബാലൻ‌ അടക്കമുള്ള നേതാക്കളെ പരിഗണിക്കാതെ രാമകൃഷ്ണനിലേക്ക് നേതൃത്വം എത്തിച്ചേർന്നതിനു പിന്നിലെ കാരണവും ഇതു തന്നെ. മുൻ കൺവീനർമാരായ ഇ.പി. ജയരാജനും എ.വിജയരാഘവനും നടത്തിയ വാക്പ്രയോഗങ്ങൾ മുന്നണിക്കും സിപിഎമ്മിനും ഉണ്ടാക്കിയ തലവേദനകൾ ചെറുതായിരുന്നില്ല. 

വാക്കിലല്ല പ്രവർത്തിയിലാണു കാര്യമെന്നു വിശ്വസിക്കുന്ന നേതാവാണു രാമകൃഷ്ണൻ. ആനത്തലവട്ടം ആനന്ദൻ വിടവാങ്ങിയപ്പോൾ സിഐടിയുവിന്റെ പ്രസിഡന്റ് സ്ഥാനം രാമകൃഷ്ണനു കൊടുക്കാൻ പാർട്ടിയ്ക്കു രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. പേരാമ്പ്രയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് ആരംഭിച്ച തൊഴിലാളി ജീവിതം ജില്ലയിലേയും സംസ്ഥാനത്തെയും മുതിർന്ന തൊഴിലാളി നേതാവാക്കി രാമകൃഷ്ണനെ മാറ്റിയതിനു പിന്നിൽ കഠിനപ്രയത്നങ്ങളുടെ കഥയുണ്ട്. എന്നാൽ മുഖ്യധാരയിൽ തന്റെ മുഖവും പേരും വരാൻ ഒരു കാലവും ആഗ്രഹിച്ചതുമില്ല. വടകരയിലെ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധക്കേസ് സമയത്തുൾപ്പെടെ പാർട്ടിയുടെ നിലപാടിനൊപ്പം പൂർണമായും നിലപാട് സ്വീകരിക്കാത്ത നേതാവാണു രാമകൃഷ്ണൻ. അന്നു ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്തെങ്കിലും പാർ‌ട്ടി വിടാതെ ഉറച്ചുനിന്നു.

മുന്നണിക്കകത്തു പരിഹരിക്കപ്പെടാൻ വിഷയങ്ങളേറെയുള്ള സമയത്ത്, ഉപതിരഞ്ഞെടുപ്പുകൾക്കു പിന്നാലെ തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്ന കാലത്താണു ടി.പി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്കെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ പരാജയം സിപിഎമ്മിനും ഇടതുമുന്നണിക്കും വലിയ ക്ഷീണവുമാണ്. സിപിഎം–സിപിഐ ബന്ധവും അത്ര സുഗമമല്ല. മുന്നണിയിൽ പരിഗണന കിട്ടുന്നില്ലെന്ന പരാതി ആർജെഡിക്കും എൻസിപിക്കും ഐഎൻഎല്ലിനുമുണ്ട്. ഇതിനിടെയാണു ടി.പി. രാമകൃഷ്ണന്റെ സ്ഥാനാരോഹണം.

ശങ്കരന്‍ മാണിക്യം ദമ്പതികളുടെ മകനായി 1951ലാണു ജനനം. സിപിഎമ്മിന്റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണു രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. കെഎസ്എഫിന്റെ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി (1969), പിന്നീട് എസ്എഫ്ഐ (1970) എന്നിവയില്‍ നിന്നാണു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1968ല്‍ സിപിഎം അംഗമായി. 1970 മുതല്‍ ട്രേഡ് യൂണിയന്‍ മേഖലയിലും കാര്‍ഷിക തൊഴിലാളി സംഘടനയിലും സജീവമായി പ്രവര്‍ത്തിച്ചു. 1973 മുതല്‍ 3 വര്‍ഷം സിപിഎം കിഴരിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായും കടിയങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പിന്നീട് രണ്ടരവര്‍ഷം സിപിഎം ബാലുശ്ശേരി ഏരിയ സെക്രട്ടറിയായി. 

1979 മുതല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. 1981 മുതല്‍ ഒൻപത് വര്‍ഷത്തോളം സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറിയായിരുന്നു. അതേ കാലയളവിലാണു പേരാമ്പ്രയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റില്‍ സിഐടിയു ശക്തമായി വളരുന്നത്. കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗമായിരുന്നു. ബുദ്ധിജീവി ഇമേജില്ലെങ്കിലും നല്ല വായനക്കാരനാണു രാമകൃഷണനെന്നു യുവ നേതാക്കൾ പറയും. 

2016ൽ പിണറായിയുടെ ഒന്നാം മന്ത്രിസഭയിൽ എക്‌സൈസ്-തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായി നടത്തിയ പ്രവർത്തനങ്ങളിൽ പലതും നിശബ്ദമെങ്കിലും പ്രശംസിക്കപ്പെട്ടു. മന്ത്രിയായിരിക്കെ ഗുരുതര രോഗത്തോടു പടവെട്ടി തിരിച്ചുവന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങൾ വകവെയ്ക്കാതെയാണു പ്രവർത്തനങ്ങൾ നടത്തിയത്. മിനിമം വേതനത്തിന്റെ പുനര്‍ക്രമീകരണം, കുടിയേറ്റ തൊഴിലാളികൾക്കു വേണ്ടിയുള്ള 15000 രൂപ വരെയുള്ള സൗജന്യ ചികിത്സാ പദ്ധതി എന്നിവ തൊഴിൽ മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. എക്സൈസ് മന്ത്രിയായിരിക്കെ യുവാക്കളുടെ മദ്യപാനം കുറയ്ക്കാൻ ആരംഭിച്ച വിമുക്തി മിഷനും ശ്രദ്ധിക്കപ്പെട്ടു.

2021ൽ കാൽ ലക്ഷത്തിനോട് അടുത്ത ഭൂരിപക്ഷത്തിലാണു രാമകൃഷ്ണൻ പേരാമ്പ്രയിൽ നിന്നും വിജയിച്ചത്. വിജയം ഉറപ്പായിരുന്നെങ്കിലും ഇത്രയും ഭൂരിപക്ഷം പാർട്ടി പ്രതീക്ഷിച്ചിരുന്നില്ല. വലിയ വിജയത്തിനു പിന്നിലെ കാരണം രാമകൃഷ്ണന്റെ വ്യക്തിപ്രഭാവമെന്നാണു നേതാക്കളുടെ പക്ഷം. നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരിലാണ് താമസം. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എം.കെ.നളിനിയാണ് ഭാര്യ. മകൻ രജുലാൽ അധ്യാപകനാണ്. മകൾ രഞ്ജിനി ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരിയാണ്.

English Summary:

TP Ramakrishnan journey to LDF leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com