ADVERTISEMENT

ചെന്നൈ∙ മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നതിനു പിന്നിൽ ഡബ്ല്യുസിസിയുടെ പങ്ക് നിർണായകമെന്ന് നടി രാധിക ശരത്കുമാർ. വാർത്താ ഏജൻസിയായ എഎൻഐയോടു സംസാരിക്കുകയായിരുന്നു അവർ.

അതേസമയം, മലയാള സിനിമ ചിത്രീകരണ സ്ഥലങ്ങളിലെ കാരവനുകളിൽ ഒളിക്യാമറ ഉപയോഗിച്ചു നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നതായുള്ള ആരോപണത്തിൽ കേസ് നൽകാനില്ലെന്നാണ് രാധികയുടെ നിലപാട്. വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘം രാധികാ ശരത്കുമാറിനോടു സംസാരിച്ചെങ്കിലും അവർ മൊഴികൊടുക്കാനോ കേസുമായി മുന്നോട്ടുപോകാനോ തയാറല്ലെന്നറിയിക്കുകയായിരുന്നു.

സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്നു മൊബൈലിൽ ഈ ദൃശ്യങ്ങൾ കാണുന്നത് താൻ നേരിട്ടു കണ്ടെന്നും രാധിക വെളിപ്പെടുത്തി. ഭയം കാരണം പിന്നീടു ലൊക്കേഷനിലെ കാരവൻ ഉപയോഗിച്ചിട്ടില്ല. തനിക്കറിയാവുന്നവരോട് ഇതു സംബന്ധിച്ചു മുന്നറിയിപ്പു നൽകിയെന്നും രാധിക പറഞ്ഞു. ‘‘ഏതു സിനിമയുടെ ലൊക്കേഷനെന്നു പറയാൻ ആഗ്രഹിക്കുന്നില്ല. വിഡിയോ ഞാൻ കണ്ടു. ബഹളംവച്ച് ഇക്കാര്യം എല്ലാവരെയും അറിയിച്ചു. ഇതു ശരിയല്ലെന്നും ചെരിപ്പൂരി അടിക്കുമെന്നും പറഞ്ഞു. പിന്നീട് കാരവൻ ഒഴിവാക്കി, മുറി എടുക്കുകയായിരുന്നു’’– രാധിക പറഞ്ഞു.

‘‘സ്ത്രീകളുടെ അവകാശങ്ങൾക്കും ജോലിസ്ഥലത്തെ സാഹചര്യങ്ങൾക്കും വേണ്ടി വാദിച്ച ഡബ്ല്യുസിസിയുടെ ശ്രമഫലമായാണ് ഹേമ കമ്മിറ്റിയെ വച്ചത്. എന്നാൽ റിപ്പോർട്ട് തയാറായി സമർപ്പിക്കപ്പെട്ടിട്ടും അതു പുറത്തുവിടാൻ നാലുവർഷമെടുത്തു. അതും കോടതിയുടെ ഇടപെടൽ വന്നതിനുശേഷം. റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. മലയാള സിനിമാ വ്യവസായത്തിലെ ഉന്നതങ്ങളിലിരിക്കുന്നവരുടെ പേരുകൾ വരെ പുറത്തുവരുന്നു. ഇതെല്ലാം സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടിയാണ്. എന്റെ സിനിമാ ജീവിതത്തിൽ നിരവധിക്കാര്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതു നമ്മൾ ഇടപെട്ട് മാറ്റേണ്ടിയിരിക്കുന്നു. കാലം മാറുകയാണ്. ആളുകളുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. വിദ്യാഭ്യാസവും ജീവിതസാഹചര്യങ്ങളും മാറി. ഇതിനെ നമ്മൾ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നതാണ് പ്രധാനം’’ – അവർ കൂട്ടിച്ചേർത്തു.

അതേസമയം, ആരോപണ വിധേയനായ ദിലീപിനൊപ്പം എന്തിന് അഭിനയിച്ചു എന്ന ചോദ്യത്തിന്, വളരെ മോശമായി പെരുമാറുന്നവർ രാഷ്ട്രീയക്കാരിലുമുണ്ടെന്നും അവരോടു തുടർന്നും സംസാരിക്കേണ്ടി വരാറുണ്ടെന്നുമായിരുന്നു മറുപടി.

English Summary:

Me Too: Radhika Sharathkumar Exposes Hidden Cameras on Malayalam Film Sets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com