ADVERTISEMENT

തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന് നേട്ടം. ഡാമില്‍ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു. സുരക്ഷാ പരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്ന ശക്തമായ നിലപാടാണ് കേരളം മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗത്തില്‍ എടുത്തത്. അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കേരളം വ്യക്തമാക്കി.  

കേരളം നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരുന്ന വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുവാന്‍ തീരുമാനമെടുത്തു. സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി 2011-ലാണ് ഇതിന് മുമ്പ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്.  സ്വതന്ത്ര വിദഗ്ധന്‍മാര്‍ ഉള്‍പ്പെടുന്ന സമിതി കേരളം കൂടി നിര്‍ദ്ദേശിക്കുന്ന അജന്‍ഡ കൂടി ഉള്‍പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ പരിശോധിക്കും. 

പത്തുവര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാപുസ്തകത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 2011-ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അവസാനമായി സമഗ്ര സുരക്ഷാപരിശോധന നടന്നത്.

അണക്കെട്ടില്‍ അറ്റകുറ്റപ്പണിക്ക് സുപ്രീംകോടതി തമിഴ്നാടിന് 2014-ല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മേല്‍നോട്ടസമിതിയുടെ അംഗീകാരത്തോടെ അറ്റകുറ്റപ്പണിക്കായി തമിഴ്നാട് നീക്കം നടത്തിയത്. അതേസമയം, കേരളത്തിന്റെ ആശങ്കകള്‍ കണക്കിലെടുത്ത് അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് ഡോ. ജോ ജോസഫ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയില്‍ 2022 ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണി നടക്കട്ടെ അതിനു ശേഷം സമഗ്ര സുരക്ഷാപരിശോധന എന്നതായിരുന്നു തമിഴ്‌നാട് നിലപാട്.

English Summary:

Safety First: Mullaperiyar Dam to be Inspected Before Repairs, Rules CWC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com