ADVERTISEMENT

മലപ്പുറം∙ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എഴുതി നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ പേരില്ലെന്ന് പി.വി.അൻവർ. അദ്ദേഹത്തിന്റെ പേര് പരാതിയിലില്ലെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. പി.ശശിയുടെ പേര് ഉൾപ്പെടുത്തി പുതിയ പരാതി നൽകുമെന്നും അൻവർ പറഞ്ഞു. ‘‘നാട്ടുകാരോടെല്ലാം പറഞ്ഞ കൂട്ടത്തിൽ പാർട്ടി കേട്ടിട്ടുണ്ട്. പക്ഷേ, എഴുതി കൊടുത്ത പരാതിയിൽ പി.ശശിയുടെ പേരില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ശശിയുടെ പേരില്ല. അതു വിട്ടുപോയതല്ല. മുഖ്യമന്ത്രിക്ക് നൽകിയ അതേ പരാതിയാണ് പാർട്ടി സെക്രട്ടറിക്കും നൽകിയത്. സെക്രട്ടറി പറഞ്ഞതാണ് വാസ്തവം.

പരസ്യമായി ഞാൻ പറഞ്ഞത് പാർട്ടി സംവിധാനത്തിന് എതിരാണ്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലാണ് ഞാൻ അതു പറഞ്ഞത്. പാർലമെന്ററി യോഗം ഇനി അടുത്ത നിയമസഭ യോഗത്തിനു മുൻപ് മാത്രമേ നടക്കൂ. അതുവരെ കാത്തിരിക്കാനാവില്ല എന്നത് കൊണ്ടാണ് പരസ്യമായി ഇക്കാര്യങ്ങൾ പറ‌ഞ്ഞതും ഇരുവർക്കും പരാതി നൽകിയതും. മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ അദ്ദേഹം അതു നോക്കി പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറും. അതിൽ ഒരു ചുക്കും നടക്കില്ല എന്ന ഉറപ്പുള്ളതു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. അതിൽ എന്റെ പാർട്ടി പ്രവർത്തകർ എന്നോട് ക്ഷമിക്കുക.’’– പി.വി.അൻവർ പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും നൽകിയ പരാതിയുടെ പകർപ്പും പി.വി.അൻവർ പുറത്തുവിട്ടു. എട്ടു പേജുള്ള പരാതി ഫെയ്സ്‌ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്. ‘‘കഴിഞ്ഞ ദിവസങ്ങളിൽ പൊതുസമൂഹത്തിന്റെ മുൻപാകെ ഞാൻ ഉന്നയിച്ച ആരോപണങ്ങളുടെയും സംഭവവികാസങ്ങളുടെയും ഉറവിടങ്ങളും സാക്ഷികളും പരാതിക്കാരും മലപ്പുറം ജില്ലയിൽ തന്നെ ആയിരുന്നതുകൊണ്ടും, ലഭിച്ച തെളിവുകളും അറിവുകളും ആയി ബന്ധപ്പെട്ട ആളുകൾ ജില്ലയുടെ പരിസരത്തുള്ളവർ ആയിരുന്നതിനാലും ജില്ലയിലെ 2 ദിവസത്തെ എന്റെ അസാന്നിധ്യം കാര്യങ്ങളെ ബാധിക്കും എന്നതിനാലുമാണ് അങ്ങയുടെ ഓഫിസിൽ നിന്നും പല തവണ അറിയിച്ചിട്ടും കഴിഞ്ഞ 3 ദിവസത്തിനിടയിൽ അങ്ങയെ നേരിൽ വന്ന് കണാൻ കഴിയാതെയിരുന്നത്. അങ്ങേയ്ക്ക് മേൽ സാഹചര്യം മനസ്സിലാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആയതിനാൽ ഈ കാര്യത്തിൽ വ്യക്തിപരമായി അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു’’– എന്ന വാക്കുകളോടെയാണ് പരാതി തുടങ്ങുന്നത്.

English Summary:

PV Anvar about complaint on P Sasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com