ADVERTISEMENT

കൊച്ചി ∙ മലയാള ചലച്ചിത്ര വ്യവസായം നേരിടുന്ന പ്രതിസന്ധികൾ എണ്ണിപ്പറഞ്ഞും പ്രതിവിധികൾ നിർദേശിച്ചും സിനിമ നയരൂപീകരണ സമിതി മുൻപാകെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. താരങ്ങൾ വൻ‍ പ്രതിഫലം വാങ്ങുന്നതിനും അവർ തന്നെ നിർമാണ പങ്കാളികളായി മാറുന്നതിനും അടക്കമുള്ള കാര്യങ്ങൾക്ക് കൂച്ചുവിലങ്ങിടണമെന്ന് നിർമാതാക്കൾ സമിതിയോട് ആവശ്യപ്പെട്ടു.

കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് സിനിമാ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപം കൊടുത്ത നയരൂപീകരണ സമിതിയുടെ ആദ്യ യോഗത്തിൽ അസോസിയേഷൻ വ്യക്തമാക്കി. സിനിമകള്‍ക്ക് തിയറ്ററിൽ നിന്നുള്ള വരുമാനം കുറഞ്ഞു. കേരളത്തിൽ റജിസ്റ്റർ ചെയ്യുന്ന സിനിമകളുടെ എണ്ണത്തിലും കുറവുണ്ടായി. താരങ്ങൾ വൻ പ്രതിഫലം വാങ്ങുന്നതും തിരിച്ചടിയാണ്. ഇക്കാര്യങ്ങൾക്ക് നിയന്ത്രണമുണ്ടാകണമെന്ന് അസോസിയേഷൻ വ്യക്തമാക്കി. 

സാംസ്കാരിക ക്ഷേമനിധി പോലും കൊടുക്കാൻ സാധിക്കാത്തത്ര പ്രതിസന്ധിയിലാണ് നിർമാതാക്കൾ. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നു വായ്പ അനുവദിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സിനിമ മേഖലയിൽ നിലനിൽക്കുന്ന ഇരട്ട നികുതി സംവിധാനത്തിൽ മാറ്റമുണ്ടാകണമെന്നും ആവശ്യമുയർന്നു. ജിഎസ്ടി വന്നതിനു ശേഷം സംസ്ഥാന സർക്കാരിന് 8% വിനോദ നികുതി കൊടുക്കുന്നുണ്ട്. ഈ 8 ശതമാനത്തിന് വീണ്ടും ജിഎസ്ടി ഏർപ്പെടുത്തുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നു നിർമാതാക്കൾ ചൂണ്ടിക്കാട്ടി.

സിനിമയുടെ പോസ്റ്ററുകൾ പതിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ നിരക്കുകൾ‌ ഏകീകരിക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടു. ചലച്ചിത്ര മേഖലയിലെ നിയമങ്ങളിൽ ദേശീയ, സംസ്ഥാന തലങ്ങളിൽ കാലാനുസൃതമായ മാറ്റം കൊണ്ടു വരണം എന്നതടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ, ചലച്ചിത്ര അക്കാദമി ചെയർ‍മാൻ പ്രേംകുമാർ, സമിതിയിലെ മറ്റംഗങ്ങൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. 

English Summary:

Malayalam Film Industry in Crisis: Producers Seek Urgent Reforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com