ADVERTISEMENT

കൊച്ചി∙ ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വി.കെ.പ്രകാശിന് മുൻകൂർ ജാമ്യം. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നത് അടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. കേസന്വേഷണത്തോട് സഹകരിക്കണമെന്നും കേസിന്റെ ഭാഗമായി അറസ്റ്റ് ചെയ്താലും ജാമ്യം അനുവദിക്കണമെന്നും ജസ്റ്റിസ് സി.എസ്.‍ഡയസ് നിർദേശിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരായിക്കഴിഞ്ഞാൽ 3 ദിവസം രാവിലെ 9 മുതൽ 11 മണി വരെ ചോദ്യം ചെയ്യാം. അതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.  2 ലക്ഷം രൂപയും തുല്യമായ തുകയ്ക്കുള്ള ആൾജാമ്യത്തിലുമാണ് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്. 

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തുവന്ന പരാതികളുടെ കൂട്ടത്തിലാണ് വി.കെ.പ്രകാശിനെതിരെ ലൈംഗിക പീ‍ഡനം ആരോപിച്ച് യുവതിരക്കഥാകൃത്ത് രംഗത്തെത്തിയത്. കൊല്ലത്തെ ഹോട്ടലിൽ വച്ച് ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. കഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് എത്തിയ തന്നെ മുറിയിൽ വച്ച് ചുംബിക്കാൻ ശ്രമിക്കുകയും സിനിമയിലെ രംഗം എന്ന പേരിൽ കിടക്കയിൽ പിടിച്ചു കിടത്തുകയുമായിരുന്നു എന്നാണ് പരാതി. ഇക്കാര്യം പുറത്തുപറയാതിരിക്കാൻ പിറ്റേന്ന് 10,000 രൂപ അയച്ചു തന്നെന്നും പരാതിയിൽ പറയുന്നു.

എന്നാൽ ഇക്കാര്യങ്ങളെല്ലാം വാദത്തിനിടെ വി.കെ.പ്രകാശിന്റെ അഭിഭാഷകൻ നിഷേധിച്ചു. ഹോട്ടലിലെത്തിയ യുവതി തന്നോട് കഥ പറഞ്ഞെങ്കിലും അത് സിനിമയ്ക്ക് പറ്റിയതല്ല എന്ന് വ്യക്തമാക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം വാദിച്ചു. പിറ്റേന്നാണ് അവിടെ വരെ എത്താൻ തനിക്ക് കുറെ പണം ചെലവായി എന്നു പറഞ്ഞ് സന്ദേശം അയച്ചതും തുടർന്ന് 10,000 രൂപ അയച്ചുകൊടുത്തതും. ഇതിന് നന്ദി പറഞ്ഞുകൊണ്ട് മറുപടിയും അയച്ചിരുന്നു. തനിക്ക് അർധനഗ്ന ചിത്രങ്ങളടക്കം അയച്ചിരുന്നു എന്നും എന്നാൽ പിന്നീട് പരാതിക്കാരിയുടെ യഥാർഥ കഥ അറിഞ്ഞതോടെ നമ്പർ തന്നെ ബ്ലോക്ക് ചെയ്യുകയായിരുന്നു എന്നും പ്രകാശ് വാദിച്ചു. സുഹൃത്തായ നിർമാതാവിനെ യുവതിയുടെ നേതൃത്വത്തിൽ ബ്ലാക്മെയിൽ ചെയ്ത സംഭവമുണ്ടെന്നും തന്നെയും ബ്ലാക്മെയിൽ ചെയ്യാനായിരുന്നു പരാതിക്കാരിയുടെ ഉദ്ദേശം എന്ന് സംശയിക്കുന്നതായും പ്രകാശ് വാദിച്ചു. 

കേസിൽ പരാതി നൽകാൻ ഉണ്ടായ കാലതാമസം, ഹർജിക്കാരന് അയച്ച വാട്സ്ആപ് സന്ദേശങ്ങൾ അടക്കമുള്ള കാര്യങ്ങൾ, മുമ്പുണ്ടായിട്ടുള്ള സംഭവം തുടങ്ങിയവ കൂടി ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തു.

English Summary:

Director V.K. Prakash Granted Anticipatory Bail in Sexual Assault Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com