ADVERTISEMENT

തിരുവനന്തപുരം∙ എല്‍ഡിഎഫ് ഘടകകക്ഷികളുടെയും മന്ത്രിസഭാ അംഗങ്ങളുടെയും എതിര്‍പ്പിനെപ്പോലും മറികടന്ന് എഡിജിപി എം.ആർ. അജിത്‌കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതു സംഘപരിവാറിനെ ഭയന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ‘‘സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും തിരുത്താന്‍ ഇടതുപക്ഷത്തെ ഘടകകക്ഷികള്‍ക്കു കഴിയുന്നില്ല. അവര്‍ക്കു നിലപാടുകള്‍ ബലികഴിച്ചു സിപിഎമ്മിന്റെ ഇംഗിതത്തിനു വഴങ്ങേണ്ട ഗതികേടാണ്. സിപിഎമ്മിലും എല്‍ഡിഎഫിലും ആര്‍എസ്എസ് സ്വാധീനം വര്‍ധിപ്പിച്ചു കാവിവത്കരണം ദ്രുതഗതിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനോടുള്ള തീണ്ടിക്കൂടായ്മ സിപിഎം സൗകര്യപൂര്‍വം മറന്നു. പ്രത്യയശാസ്ത്രപരമായ വെല്ലുവിളിയാണ് സിപിഎം നേരിടുന്നത്.’’ സുധാകരൻ ആരോപിച്ചു.

‘‘ആര്‍എസ്എസ് ബന്ധം ഒരു ക്രെഡിറ്റായാണ് ഇപ്പോള്‍ സിപിഎം കാണുന്നത്. ആര്‍എസ്എസുമായി ലിങ്ക് ഉണ്ടാക്കാന്‍ ആരെയും ആശ്രയിക്കേണ്ട ഗതികേടില്ലെന്നും സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെ ബന്ധപ്പെടാന്‍ സൗകര്യമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു വയ്ക്കുമ്പോള്‍ ആര്‍എസ്എസ് പ്രധാന സംഘടനയാണെന്നും അതിന്റെ നേതാക്കളെ കണ്ടതില്‍ എന്താണു തെറ്റെന്നുമാണു സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ചോദിക്കുന്നത്. ഇ.പി. ജയരാജനും ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ചാ വിവാദത്തില്‍ താനും ബിജെപി നേതാക്കളെ കണ്ടിട്ടുണ്ടെന്നും അതിലെന്താ തെറ്റെന്നുമാണു പിണറായി വിജയനും പരസ്യമായി ചോദിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ആര്‍എസ്എസ് പ്രീണനം സിപിഎമ്മിനെ മൊത്തത്തില്‍ ഗ്രസിച്ചിരിക്കുകയാണ്. അവരുടെ ഇരട്ടമുഖം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണം. സംഘപരിവാര്‍ ചങ്ങാതിയായ മുഖ്യമന്ത്രിയുടെ കീഴില്‍ സിപിഎം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം അവസാനിപ്പിച്ച് വിചാരധാരയെ വഴികാട്ടിയായി സ്വീകരിക്കുകയാണ്.’’ – സുധാകരൻ പറഞ്ഞു.

‘‘എഡിജിപി അജിത്‌കുമാറിനെപ്പോലെ സംഘപരിവാര്‍ ബന്ധമുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് സിപിഎമ്മിന് ഇപ്പോള്‍ സ്വന്തം മുന്നണിയിലെ ഘടക കക്ഷിനേതാക്കളെക്കാള്‍ പ്രിയം. അതിനാലാണ് അദ്ദേഹം രമണ്‍ ശ്രീവാസ്തവയെയും ലോക്‌നാഥ് ബെഹ്‌റയെയും പോറ്റിവളര്‍ത്തിയത്. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചകള്‍ മുഖ്യമന്ത്രിയുടെ പൂര്‍ണ്ണസമ്മതത്തോടെയാണ്. അതിനാലാണു മുഖ്യമന്ത്രി നടപടിയെടുക്കാന്‍  സങ്കേതികത്വം പറഞ്ഞ് എഡിജിപിക്ക് സംരക്ഷണം ഒരുക്കുന്നത്.’’ – സുധാകരൻ തുറന്നടിച്ചു.

സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് ഒരു ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം എങ്കില്‍ തന്റേടമുള്ള മുഖ്യമന്ത്രിക്കു നടപടിയെടുക്കുന്നതിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. നേരത്തെ ഇതേ എഡിജിപിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതില്‍ ഇത്തരം സാങ്കേതികത്വം മുഖ്യമന്ത്രിക്കുണ്ടായില്ല. പക്ഷേ, ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ തന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടി വരുമ്പോള്‍ മുഖ്യമന്ത്രിക്കു സാങ്കേതിക തടസ്സങ്ങളാണ്. ഇതിലൂടെ തന്നെ മുഖ്യമന്ത്രി ആര്‍എസ്എസിന് എത്രത്തോളം വിധേയപ്പെട്ടാണു ഭരിക്കുന്നതെന്നു വ്യക്തം.  ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയെ മഹാ അപരാധമായി കണ്ടെത്തിയ സിപിഎം നേതൃത്വം, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ വെട്ടിനിരത്തി ഒരു മൂലയ്ക്ക് ഇരുത്തിയാണ് ആര്‍എസ്എസ് ബന്ധമുള്ള മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ ന്യായീകരിക്കാന്‍ അധരവ്യായാമം നടത്തുന്നത്’’ – സുധാകരന്‍ പരിഹസിച്ചു.

English Summary:

Sudhakaran Accuses Kerala CM of Protecting ADGP Ajith Kumar Due to Sangh Parivar Pressure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com