ADVERTISEMENT

മലപ്പുറം∙ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസ്സുകാരന്റെ മരണം നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 9നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് മരിച്ചത്. മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ്പ വൈറസ് എന്ന സംശയം ഉണ്ടായത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വഴി ലഭ്യമായ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയും പരിശോധനാ ഫലം പോസിറ്റീവായതോടെ തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.

പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നുവെന്നും ഔദ്യോഗിക സ്ഥീരീകരണത്തിനായാണ് സാംപിളുകള്‍ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചതെന്നും മന്ത്രി അറിയിച്ചു. ഈ പരിശോധനയിലാണ് നിപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ബെംഗളുരുവിൽ വിദ്യാർഥിയായ യുവാവാണ് മരിച്ചത്. ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പനി ബാധിച്ചതിനെ തുടർന്ന് മലപ്പുറത്തെ നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസലേഷനിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിരീക്ഷണത്തിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അണുബാധ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. യുവാവിന്റെ സ്വദേശമായ മലപ്പുറത്തെ തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രാവിലെ തന്നെ യോഗം ചേർന്നിരുന്നു. പഞ്ചായത്തിലെ പനി ബാധിതരെ കണ്ടെത്താനായി നാളെ തന്നെ മേഖലയിൽ സർവേ ആരംഭിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

English Summary:

Nipah was confirmed for the deceased youth at Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com