ADVERTISEMENT

കൊച്ചി ∙ എറണാകുളത്തിന്റെയും ആലപ്പുഴയുടെയും അതിരിൽ കിടക്കുന്ന പെരുമ്പളം ദ്വീപിലെ രാജപ്പനെയും കുടുബത്തേയും വർഷങ്ങളായി ദുരിതങ്ങൾ പിടികൂടിയിട്ട്. കുടുംബത്തിലെ കാൻസർ രോഗബാധയ്ക്ക് പുറമെയായിരുന്നു വീടിന്റെ ജപ്തി. വർഷങ്ങളായി ദ്വീപ് നിവാസികളുടെ നൊമ്പരമായി മാറിയ രാജപ്പന്റെയും കുടുംബത്തിന്റെയും വീടിന്റെ ജപ്തിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് തടഞ്ഞു. പൂച്ചാക്കൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 1.70 ലക്ഷം രൂപയുടെ വായ്പ സുരേഷ് ഗോപിയുടെ ട്രസ്റ്റിൽ നിന്നു നൽകിയാണ് ജപ്തി ഒഴിവാക്കിയത്. ഇന്ന് എറണാകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി, രാജപ്പനും കുടുബത്തിനും ജപ്തി നടപടികൾ ഒഴിവാക്കിക്കൊണ്ടുള്ള രേഖകൾ കൈമാറി.

മത്സ്യത്തൊഴിലാളിയായ രാജപ്പന്റെ മകൾ രശ്മി കാൻസർ വന്ന് മരിച്ചിരുന്നു. ഇതോടെ രശ്മിയുടെ രണ്ടു മക്കളുടെയും ഉത്തരവാദിത്തം രാജപ്പന്റെ ചുമലിലായി. ഇതിനിടെ രാജപ്പന്റെ ഭാര്യ മിനിക്കും കാൻസർ സ്ഥിരീകരിച്ചു. ദുരന്തങ്ങള്‍ അവിടെയും അവസാനിച്ചില്ല. രശ്മിയുടെ മകൾ ആരഭിക്കും കാൻസറാണ്. ആരഭിയുടെ തുടർ ചികിത്സക്ക് ആവശ്യമായ സഹായം നൽകാമെന്നും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. രശ്മിയുടെ മൂത്തമകൾ ആരാധ്യക്ക് പഠിക്കാനായി ലോക്കോ പൈലറ്റുന്മാരുടെ കൂട്ടായ്മയായ ‘സംഘബന്ധു സമർപ്പൺ’ മുന്നോട്ട് വരികയും കേന്ദ്രമന്ത്രിയുടെ മുന്നിൽ വെച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഇതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യുമെന്ന് ലോക്കോ പൈലറ്റ് കൂട്ടായ്മയുടെ ഭാരവാഹികളായ ബി.രമേശ് കുമാർ, അരുൺ കുമാർ, ജയരാജ് തുടങ്ങിയവർ വ്യക്തമാക്കി. 

രാജപ്പന്റെ ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. അതിനിടെയാണ് രണ്ടുപേരുടെ കാൻസർ ചികിത്സ. ഇതിന് ലക്ഷങ്ങളാണ് ചെലവു വരിക. കുടുംബത്തിന്റെ ദുരവസ്ഥ സാമൂഹിക പ്രവർത്തകരായ കണ്ണൻ പെരുമ്പളം, സി.എൽ.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ ബിജെപി നേതാവ് പി.ആർ.ശിവശങ്കർ വഴി സുരേഷ് ഗോപിയെ അറിയിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com