ADVERTISEMENT

യനാട് ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിന് 2,76,75,000 രൂപ ചെലവായെന്നുകാണിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകളും കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ സംഭവത്തിൽ പ്രതികൾ പിടിയിലായതുമുൾപ്പെടെ നിരവധി  സംഭവങ്ങളാണ് ഇന്ന് കേരളത്തിലുണ്ടായത്. 

കൊല്ലം കാറപകടവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്. പ്രതി മദ്യലഹരിയിലായിരുന്നു. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കാര്‍ നിര്‍ത്തിയില്ല. അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ശ്രീക്കുട്ടിയെ നേരത്തേതന്നെ  കസ്റ്റഡിയിലെടുത്തിരുന്നു. 

വൈകാതെ ശ്രീക്കുട്ടിയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. കേസിലെ രണ്ടാംപ്രതിയായ ഇവർക്കെതിരെ നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കരുനാഗപ്പിള്ളി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയെ സംഭവത്തെ തുടർന്ന് ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടു. ശ്രീക്കുട്ടിക്കെതിരെ മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. 

കൊല്ലം അപകട വാർത്തയറിഞ്ഞ് കേരളം നടുങ്ങിയിരിക്കവെയാണ് വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ചെലവുകളുടെ കണക്ക് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച വിവരം പുറത്തുവരുന്നത്. വയനാട് ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിനു ചെലവായത് 2,76,75,000 രൂപ. ഒരു മൃതദേഹം സംസ്കരിക്കുന്നതിനു 75,000 രൂപയാണ് ഇതനുസരിച്ചു ചെലവ് വരിക. ഓഗസ്റ്റ് 17നാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങാൻ നല്‍കുന്ന വകയിൽ ചെലവായത് ആകെ 11 കോടി. ചെലവുകളിൽ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ച് വിമർശനമുയർന്നതോടെ പ്രചരിക്കുന്നത് അവാസ്തവമാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പ് ഇറക്കി.

ഹേമ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി  ചലച്ചിത്രമേഖലയിലെ സംഭവവികാസങ്ങളും സജീവമാണ്. ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തുന്നു എന്നതായിരുന്നു ഇന്നത്തെ പ്രധാന വാർത്ത.  സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവർ സംയുക്തമായി ഇതുസംബന്ധിച്ച  പ്രസ്താവന പുറത്തിറക്കി. 

സിനിമാമേഖലയിൽ നിന്നുള്ള മറ്റൊരു വാർത്ത നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപ് അടിസ്ഥാന രഹിതമായ കഥകൾ മെനയാൽ ശ്രമിക്കുന്നുവെന്ന് കേരള സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചതാണ്. വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ദിലീപ് ലക്ഷ്യമിട്ടെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു. 

നിപ്പ രോഗബാധ സ്ഥിരീകരിച്ചതിനുപിന്നാലെ മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയതും കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് മറ്റൊരു പ്രധാനപ്പെട്ട സംഭവം. തിയറ്ററുകൾ അടച്ചിടണം, സ്കൂളുകൾ, കോളജുകൾ, അങ്കണവാടികൾ അടക്കം പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com