‘ഹിറ്റ്ലർ ജൂതരെ ലക്ഷ്യം വച്ചതുപോലെ’: ആർഎസ്എസിനെ വിമർശിച്ച് ദിഗ്‌വിജയ് സിങ്
Mail This Article
ന്യൂഡൽഹി∙ മുസ‌്ലിംകളോടുള്ള ആർഎസ്എസ് സമീപനത്തെ ജർമനിയിൽ ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതർ അനുഭവിച്ച പീഡനത്തോട് താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. തടവിൽ കഴിയുന്ന ആക്ടിവിസ്റ്റുകൾക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘എനിക്കവരെ വളരെ അടുത്തറിയാം. അവർ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നില്ല. ഹിറ്റ്ലർ ജൂതന്മാരെ എങ്ങനെയാണോ ലക്ഷ്യം വച്ചത് അതുപോലെ ഇവർ മുസ്‌ലിംകളെ ലക്ഷ്യം വച്ചിരിക്കുകയാണ്. ആർഎസ്എസ് അംഗീകൃത സംഘടനയല്ല. ഔപചാരിക അംഗത്വമോ അക്കൗണ്ടുകളോ അവർക്കില്ല. നാഥുറാം ഗോഡ്സെയുടെ കാര്യത്തിലെന്ന പോലെ ആരെങ്കിലും പിടിക്കപ്പെട്ടാൽ അവരെ തള്ളിപ്പറയും. ജാമ്യം നിയമമാണ്, ജയിൽ അപവാദവുമാണ്. പിന്നെ എന്തുകൊണ്ടാണ് മുസ്‌ലിംകൾക്കു ജാമ്യം അപവാദമാകുന്നത്?’’– ദിഗ്‌വിജയ് സിങ് ചോദിച്ചു.
പാർലമെന്റിൽ നിർമിക്കുന്ന കടുത്ത നിയമങ്ങൾ ഭീകരതയെ തടയുന്നതിന് വേണ്ടിയുള്ളതാണ്, എന്നാൽ അവ സാധാരണക്കാർക്കെതിരെയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പടുത്തി. ബിജെപി പോട്ട നിയമം കൊണ്ടുവന്നു, കോൺഗ്രസ് അത് എടുത്തുകളഞ്ഞു, പക്ഷേ പിന്നീട് അതിലെ എല്ലാ വ്യവസ്ഥകളും യുഎപിഎയുടെ മറവിൽ തിരികെ കൊണ്ടുവന്നു. വർഷങ്ങൾ നീണ്ട വിചാരണയ്ക്കുശേഷം ഒരാൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ എന്തുകൊണ്ടാണ് പൊലീസിനെതിരെ നടപടിയെടുക്കാത്തത്? സാക്ഷികൾക്ക് ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെ പേരുനൽകിയ ഡൽഹി പൊലീസ് നടപടിയെയും അദ്ദേഹം കുറ്റപ്പെടുത്തി.
സിഎഎ–എൻആർസി പ്രതിഷേധങ്ങളിൽ പങ്കെടുത്ത ആക്ടിവിസ്റ്റുകളെ അറസ്റ്റുചെയ്ത് നാലുവർഷം തികയുന്നതിന്റെ ഭാഗമായി അസോസിയേഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്സാണ് പാനൽ ചർച്ച സംഘടിപ്പിച്ചത്.